Home Businessജിഎസ്ടി പിരിവിൽ വൻ കുതിപ്പ്; സെപ്റ്റംബറിൽ 2.04 ലക്ഷം കോടി, കേരളത്തിലും 11% വളർച്ച

ജിഎസ്ടി പിരിവിൽ വൻ കുതിപ്പ്; സെപ്റ്റംബറിൽ 2.04 ലക്ഷം കോടി, കേരളത്തിലും 11% വളർച്ച

by news_desk1
0 comments

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉണർവിന്റെ സൂചന നൽകി ജിഎസ്ടി പിരിവിൽ വൻ വർധന. സെപ്റ്റംബറിൽ ദേശീയതലത്തിൽ 14.7 ശതമാനം വളർച്ച രേഖപ്പെടുത്തി 2.04 ലക്ഷം കോടി രൂപയാണ് ചരക്കു-സേവന നികുതിയായി പിരിച്ചെടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 1.77 ലക്ഷം കോടി രൂപയായിരുന്നു പിരിവ്.

കഴിഞ്ഞമാസം കേന്ദ്ര ജിഎസ്ടിയായി 37,762 കോടി രൂപയും സംസ്ഥാന ജിഎസ്ടിയായി 45,363 കോടി രൂപയും പിരിച്ചു. സംയോജിത ജിഎസ്ടിയായി 1.20 ലക്ഷം കോടി രൂപയും സമാഹരിച്ചു.

ആഭ്യന്തര ഇടപാടുകളിൽ നിന്ന് 10.1 ശതമാനം വർധനയോടെ 1.37 ലക്ഷം കോടി രൂപയാണ് സെപ്റ്റംബറിൽ ലഭിച്ചത്. ഇറക്കുമതി ചെയ്ത ഉൽപന്നങ്ങളുടെ ജിഎസ്ടി പിരിവ് 25.9 ശതമാനം ഉയർന്ന് 65,525 കോടി രൂപയിലെത്തി.

പിരിവ് തുടർച്ചയായി മെച്ചപ്പെട്ടതോടെ നടപ്പുവർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ ആകെ ജിഎസ്ടി സമാഹരണം 12.46 ലക്ഷം കോടി രൂപയായി. മുൻവർഷത്തെ സമാനകാലയളവിലെ 11.17 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 11.6 ശതമാനമാണ് വർധന.

സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് പതിവുപോലെ സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണത്തിൽ മുന്നിൽ. 15 ശതമാനം വളർച്ചയോടെ 29,986 കോടി രൂപയാണ് മഹാരാഷ്ട്ര പിരിച്ചെടുത്തത്. കർണാടക 16 ശതമാനം വളർച്ചയോടെ 13,884 കോടി രൂപയും ഗുജറാത്ത് 17 ശതമാനം വളർച്ചയോടെ 12,222 കോടി രൂപയും സമാഹരിച്ചു. 18 ശതമാനം വർധനയോടെ ഉത്തർപ്രദേശ് 8,882 കോടി രൂപ പിരിച്ചെടുത്തു.

കേരളത്തിലും ജിഎസ്ടി പിരിവിൽ മുന്നേറ്റമുണ്ടായി. കഴിഞ്ഞമാസം 11 ശതമാനം വളർച്ചയോടെ 3,328 കോടി രൂപയാണ് കേരളം പിരിച്ചെടുത്തത്. 2025 സെപ്റ്റംബറിൽ ഇത് 3,010 കോടി രൂപയായിരുന്നു.

കേരളത്തിന്റെ കഴിഞ്ഞമാസത്തെ സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിലെ സംസ്ഥാന വിഹിതവും ചേർന്നുള്ള ആകെ വരുമാനം അഥവാ പോസ്റ്റ് സെറ്റിൽമെന്റ് ജിഎസ്ടി 3,451 കോടി രൂപയായി. ഇതിൽ ഒൻപത് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

നടപ്പുവർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കേരളത്തിന്റെ പോസ്റ്റ് സെറ്റിൽമെന്റ് ജിഎസ്ടി 19 ശതമാനം ഉയർന്ന് 16,482 കോടി രൂപയിലെത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

You may also like