തിരുവനന്തപുരം: യുഡിഎഫിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്ന വിമർശനവുമായി കൺവീനർ അടൂർ പ്രകാശ്. പല നിർണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ബോർഡ്, കോർപറേഷൻ നിയമനങ്ങൾ ഉൾപ്പെടെ പല തീരുമാനങ്ങളും ചർച്ചയില്ലാതെയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണ പരിഷ്കരണ കമ്മീഷൻ അധ്യക്ഷ നിയമനത്തിലും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനത്തിലും അതൃപ്തിയുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
യുഡിഎഫ് യോഗം ചേരാൻ കഴിഞ്ഞിട്ടില്ലെന്നും യോഗം വിളിക്കേണ്ടിയിരുന്നത് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി വി.ഡി. സതീശനായിരുന്നെന്നും അടൂർ പ്രകാശ് പറഞ്ഞു. പല വിഷയങ്ങളും മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ അതൃപ്തി കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും വ്യക്തമാക്കി.
തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്താണ് അടൂർ പ്രകാശ് വാർത്താസമ്മേളനം നടത്തിയത്. യുഡിഎഫിൽ കൂട്ടായ ആലോചന അനിവാര്യമാണെന്നും മുന്നണിയിൽ എന്തൊക്കെ കാര്യങ്ങളാണ് നടക്കുന്നതെന്ന് ചോദിക്കുമ്പോൾ മറുപടി പറയാൻ കഴിയാത്ത സാഹചര്യം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയും ആലോചനയും ഇല്ലാതെയാണ് പല തീരുമാനങ്ങളും നടപ്പാക്കുന്നതെന്നും പല കാര്യങ്ങളും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അടൂർ പ്രകാശ് ആരോപിച്ചു. എം.കെ. മുനീറിനും ജി. ദേവരാജനും കാബിനറ്റ് പദവി നൽകിയതും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
അഭിപ്രായഭിന്നതകളുണ്ടാകുന്ന സാഹചര്യങ്ങളിൽ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യുന്നതെന്നും യുഡിഎഫ് കൺവീനർ എന്ന ചുമതല തന്നെ ഏൽപ്പിച്ചത് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. എഐസിസി നേതൃത്വത്തെ തന്റെ അതൃപ്തി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയല്ലെന്നും തന്റെ അനുഭവമാണ് പറയുന്നതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
ഉപതിരഞ്ഞെടുപ്പ് ഫലത്തിലും അടൂർ പ്രകാശ് പ്രതികരിച്ചു. നിർഭാഗ്യകരമായ സംഭവങ്ങൾ കാരണം പ്രതീക്ഷിച്ച പല സ്ഥലങ്ങളിലും നേട്ടമുണ്ടാക്കാനായില്ലെന്നും വലിയ പരിക്കില്ലാതെ 18 സീറ്റുകൾ ലഭിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ചിറയിൻകീഴിലെ തോൽവിക്ക് രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി കാരണമായെന്നും അത് ജനങ്ങളിൽ അസംതൃപ്തിക്ക് ഇടയാക്കിയെന്നും അടൂർ പ്രകാശ് പറഞ്ഞു. സംഭവിച്ചത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമായിരുന്നെന്നും അദ്ദേഹം വിമർശിച്ചു.
വൈദ്യുതി പ്രതിസന്ധിയും ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നും ജനങ്ങളിൽ അസംതൃപ്തിയുണ്ടായെന്നും അടൂർ പ്രകാശ് പറഞ്ഞു. ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രി ജനങ്ങളെ കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
