ദില്ലി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടിയുടെ ജനനത്തീയതി തിരുത്തി മധ്യപ്രദേശ് സർക്കാർ നൽകിയ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. പിതാവ് നൽകിയ അപേക്ഷയിൽ മാത്രം തീരുമാനമെടുത്ത് പെൺകുട്ടിക്ക് നോട്ടീസ് നൽകുകയോ വാദം കേൾക്കുകയോ ചെയ്യാതിരുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന 01.01.2008 എന്ന ജനനത്തീയതി 30.12.2009 എന്നാക്കി മാറ്റിയാണ് പുതിയ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. പെൺകുട്ടിയുടെ പിതാവ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ ജനനത്തീയതി മാറ്റുന്നതിന് മുമ്പ് പെൺകുട്ടിയുടെ വാദം കേട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
ജനനത്തീയതിയിലെ മാറ്റം വോട്ടവകാശം ഉൾപ്പെടെയുള്ള വിവിധ അവകാശങ്ങളെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പെൺകുട്ടിയുടെ വാദം കൂടി കേട്ടശേഷം വിഷയത്തിൽ പുതിയ തീരുമാനം എടുക്കാനാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് ഗജേന്ദ്ര സിംഗ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
കഴിഞ്ഞ മാർച്ച് 11നാണ് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീനൈനാർ ദേവ ക്ഷേത്രത്തിൽ കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ് മാത്രമായിരുന്നുവെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷന്റെ അന്വേഷണത്തിലെ കണ്ടെത്തൽ.
മഹേശ്വർ സർക്കാർ ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റിൽ 2009 ഡിസംബർ 30ന് വൈകിട്ട് 5.50നാണ് പെൺകുട്ടി ജനിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്ത് പൊലീസിന് മുന്നിൽ പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ ജനനത്തീയതി 2008 ജനുവരി ഒന്നാണ്.
പെൺകുട്ടി സമർപ്പിച്ച ജനന സർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതാണെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ജനനത്തീയതി തിരുത്തിയ സർക്കാർ സർട്ടിഫിക്കറ്റ് ചോദ്യം ചെയ്യപ്പെട്ടത്.
