തിരുവനന്തപുരം: മന്ത്രി ഒ.കെ. ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയുള്ള ഗൂഢാലോചനയുണ്ടെന്ന ഗുരുതര ആരോപണവുമായി വി.ഡി. സതീശൻ. തോൽവിയെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണം നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
പത്തുവർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ക്രിമിനൽ മാഫിയ സംഘങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാണ്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിക്കെതിരെ നടന്ന ആക്രമണത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിക്കെതിരെ സമരം നടത്തുമ്പോൾ കേരളത്തിലെ സിപിഐഎം എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് വി.ഡി. സതീശൻ നേരത്തെ ചോദിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബിജെപിക്കുമെതിരെയാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരെ കോൺഗ്രസും പോഷക സംഘടനകളും സമരം നടത്തുമ്പോൾ സിപിഐഎമ്മിന് എന്താണ് അസ്വസ്ഥതയെന്നും സംഘപരിവാറിനെതിരെ കോൺഗ്രസ് ആർജവത്തോടെ സമരം നടത്തുമ്പോൾ സിപിഐഎമ്മിന് എന്തുകൊണ്ടാണ് പൊള്ളുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.
തിരുവനന്തപുരത്ത് നടന്ന അക്രമസംഭവങ്ങൾ സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയുള്ള കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എസ്എഫ്ഐ പ്രവർത്തകർ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ബിയർ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.
ഏതാനും ദിവസങ്ങളായി യുവമോർച്ചയും ബിജെപിയും നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നും അതിന്റെ തുടർച്ചയാണ് ഇന്നലെ രാത്രി തിരുവനന്തപുരത്ത് എസ്എഫ്ഐയും സിപിഐഎമ്മും നടത്തിയതെന്നും വി.ഡി. സതീശൻ പറഞ്ഞു. സിപിഐഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായും അദ്ദേഹം വിമർശിച്ചു.
ഒരു തരത്തിലുള്ള അക്രമപ്രവർത്തനങ്ങളും സർക്കാർ അനുവദിക്കില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളുടെ സമാധാനജീവിതം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
