Home Keralaഭർത്താവിന്റെ പെൺസുഹൃത്തിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ക്വട്ടേഷൻ; പൊലീസെന്ന വ്യാജേന ലോഡ്ജിലെത്തിയ സംഘം, അഞ്ച് പേർ അറസ്റ്റിൽ

ഭർത്താവിന്റെ പെൺസുഹൃത്തിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ക്വട്ടേഷൻ; പൊലീസെന്ന വ്യാജേന ലോഡ്ജിലെത്തിയ സംഘം, അഞ്ച് പേർ അറസ്റ്റിൽ

by news_desk1
0 comments

തൃശൂർ: ഭർത്താവിന്റെ പെൺസുഹൃത്തിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ. തൃശൂരിലെ ലോഡ്ജിൽ ആൺസുഹൃത്തിനൊപ്പം മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെയാണ് പൊലീസ് ചമഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. യുവതിയെ പീഡിപ്പിച്ചെന്നും ഒപ്പമുണ്ടായിരുന്ന യുവാവിനെ ക്രൂരമായി മർദിച്ച് തമിഴ്നാട്ടിലെ ആശുപത്രിക്ക് സമീപം ഉപേക്ഷിച്ചെന്നും പൊലീസ് കണ്ടെത്തി.

സംഭവം ഏതാനും ദിവസം മുൻപുണ്ടായതാണെങ്കിലും ഇപ്പോഴാണ് പുറത്തറിയുന്നത്. കേസിൽ തിരുപ്പൂർ സ്വദേശിയായ ദേവി (27), നീലഗിരി സ്വദേശി തോമസ് പ്രിയദർശൻ ദേവ (27), ദിണ്ടിഗൽ സ്വദേശി രഘുപതി രാജ (20), കരൂർ വിരനാപെട്ടി സ്വദേശി ശങ്കർ (20), കടവൂർ സ്വദേശി ബൽരാജ് (31) എന്നിവരാണ് അറസ്റ്റിലായത്.

ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ അനുസരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. തിരുപ്പൂർ സ്വദേശിയായ യുവാവും യുവതിയും തൃശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. യുവാവിന്റെ ഭാര്യ ഇയാളുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തി ക്വട്ടേഷൻ സംഘത്തിന് കൈമാറുകയായിരുന്നു.

അഞ്ചംഗ സംഘം പൊലീസ് ചമഞ്ഞാണ് ലോഡ്ജിലെത്തിയത്. മുറിക്കുള്ളിൽ അതിക്രമിച്ചുകയറിയ സംഘം യുവാവിന്റെയും യുവതിയുടെയും കൈകാലുകൾ തുണികൊണ്ട് കെട്ടിയ ശേഷം ഇരുവരുടെയും വായിൽ തുണി തിരുകി കാറിൽ കയറ്റി.

തിരുപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ യുവാവിനെ സംഘം ക്രൂരമായി മർദിച്ചു. യുവാവിന്റെ കൈകാലുകൾക്ക് പലയിടത്തും ഒടിവുകളുണ്ടായ നിലയിലാണ് കണ്ടെത്തിയത്. തിരുപ്പൂരിന് സമീപമുള്ള ആശുപത്രിക്ക് മുന്നിൽ യുവാവിനെ ഉപേക്ഷിച്ച ശേഷം സംഘത്തിലെ രണ്ടുപേർ യുവതിയെ മറ്റൊരു കാറിലേക്ക് മാറ്റി. ഈ രണ്ടുപേരാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് വിവരം.

പരുക്കേറ്റ യുവതിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കേസെടുത്ത ശേഷം അന്വേഷണം തൃശൂർ സിറ്റി പൊലീസിന് കൈമാറി.

തൃശൂർ സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്ന് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് മൂന്ന് പേരെ തിരുപ്പൂരിൽനിന്നും ഒരാളെ പഴനിയിൽനിന്നുമാണ് പൊലീസ് പിടികൂടിയത്.

You may also like