Home Top Storiesഅഹമ്മദാബാദ് വിമാനദുരന്തം; ‘തെറ്റുപറ്റിയത് പൈലറ്റിന്, ഇന്ധന സ്വിച്ച് മനപ്പൂർവ്വം ഓഫ് ചെയ്തു’; ഇറ്റാലിയൻ പത്രം.

അഹമ്മദാബാദ് വിമാനദുരന്തം; ‘തെറ്റുപറ്റിയത് പൈലറ്റിന്, ഇന്ധന സ്വിച്ച് മനപ്പൂർവ്വം ഓഫ് ചെയ്തു’; ഇറ്റാലിയൻ പത്രം.

by news_desk
0 comments

ഡൽഹി. അഹമ്മദാബാദ് വിമാനദുരന്തത്തിൽ തെറ്റുപറ്റിയത് പൈലറ്റിനെന്ന് ഇറ്റാലിയൻ പത്രം. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നാണ് ഇറ്റാലിയൻ പത്രമായ ‘കൊറിയേരെ ഡെല്ല സാറ’ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ധന സ്വിച്ച് പൈലറ്റ് മനപ്പൂർവ്വം ഓഫ് ചെയ്തതെന്നാണ് വാർത്തയിൽ പറയുന്നത്. നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോഴും പിഴവ് പൈലറ്റിന്റേതെന്ന് എന്ന സൂചനയുണ്ടായിരുന്നു. ഇതിനെതിരെ പൈലറ്റ് സുമിത്ത് സബർവാളിൻ്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കോക്പിറ്റില്‍ നിന്നുള്ള സംഭാഷണങ്ങള്‍ മാത്രമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോള്‍ ചെയ്തില്ലെന്ന് മറ്റൊരു പൈലറ്റ് മറുപടി നല്‍കുന്നതായിരുന്നു ഓഡിയോ. എന്നാൽ ഇന്ത്യൻ അധികൃതരെ ഉദ്ധരിച്ചുകൊണ്ട് പൈലറ്റാണ് അപകടത്തിന് പിന്നിലെന്ന് ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരാനായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്തിമ റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്.

കഴിഞ്ഞവർ‌ഷം ജൂൺ 12നാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകം വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള 241 പേരും അപകടത്തിൽ മരിച്ചിരുന്നു.

You may also like