മുംബൈ. ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ പുറത്തിറക്കുന്ന ടെക് ഭീമന്‍മാരായ ആപ്പിള്‍ ഇന്ത്യയിലെ ആറാം സ്റ്റോര്‍ പ്രഖ്യാപിച്ചു. ആപ്പിളിന്‍റെ ഇന്ത്യയിലെ ആറാം റീടൈല്‍ സ്റ്റോറില്‍ മുംബൈയിലെ ബൊറിവാലിയില്‍ ആപ്പിള്‍ കമ്പനി ഫെബ്രുവരി 26ന് തുറക്കും. മുംബൈയില്‍ ആപ്പിളിന്‍റെ രണ്ടാം സ്റ്റോര്‍ കൂടിയാണിത്. മുംബൈയിലെ ബികെസിയില്‍ ആപ്പിളിന് ഇതിനകം തന്നെ ഒരു റീടൈല്‍ സ്റ്റോറുണ്ട്.
ബൊറിവാലി സ്റ്റോര്‍ കൂടി തുറക്കുന്നതോടെ ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകളുടെ എണ്ണം ആറാകും. 2023ലാണ് ഇന്ത്യയില്‍ ആപ്പിള്‍ റീടൈല്‍ വിപുലീകരണം തുടങ്ങിയത്. മുംബൈയിലും ദില്ലിയിലുമായിരുന്നു ഈ ആപ്പിള്‍ സ്റ്റോറുകള്‍. മുംബൈയിലെ ബികെസിയിലും ദില്ലിയിലെ സാകേതിലുമായിരുന്നു ആദ്യത്തെ സ്റ്റോറുകള്‍. ഇതിന് ശേഷം 2025ല്‍ ബെംഗളൂരുവിലെ ഹെബ്ബാളിലും പൂനെയിലെ കൊറേഗാവ് പാര്‍ക്കിലും ദില്ലി എന്‍സിആറില്‍ നോയിഡയിലും ആപ്പിള്‍ സ്റ്റോറുകള്‍ തുറന്നു. ഇന്ത്യയില്‍ ഏഴാമത്തെ ആപ്പില്‍ സ്റ്റോര്‍ ഹൈദരാബാദില്‍ വരുമെന്നാണ് പ്രതീക്ഷ. ആപ്പിള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇതിനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. സ്റ്റോര്‍ മേധാവി, സീനിയര്‍ മാനേജര്‍ പോസ്റ്റുകളിലേക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആപ്പിള്‍ ആളുകളെ ജോലിക്ക് ക്ഷണിച്ചുതുടങ്ങിയിട്ടുണ്ട്.
ആപ്പിള്‍ സ്റ്റോറുകളില്‍ ഐഫോണുകള്‍, ഐപാഡുകള്‍, മാക് തുടങ്ങിയുള്ള ആപ്പിള്‍ ഉല്‍പന്നങ്ങളും സേവനങ്ങളും പരിചയപ്പെടാനും വാങ്ങാനുമുള്ള അവസരമുണ്ടാകും. ഇന്ത്യയില്‍ വരുമാനം ഏറെ വര്‍ധിക്കുന്നതും ഇന്ത്യക്കാര്‍ക്ക് ഐഫോണുകളോട് താല്‍പര്യം കൂടുന്നതും കൂടുതല്‍ റീടൈല്‍ സ്റ്റോറുകള്‍ തുറക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നു. ഐഫോണ്‍ സീരീസുകള്‍ പുറത്തിറങ്ങുമ്പോള്‍ ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ വലിയ ക്യൂവാണ് പ്രത്യക്ഷപ്പെടാറ്. ഇന്ത്യയില്‍ ആറാമത്തെ ആപ്പിള്‍ സ്റ്റോര്‍ തുറക്കുന്നതോടെ റീടൈല്‍ രംഗത്ത് ആപ്പിള്‍ സാന്നിധ്യം കൂട്ടുകയാണ്.

