ദില്ലി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ ഇന്ത്യയുടെ ഊർജസുരക്ഷയെ ബാധിക്കാമെന്ന് ലോക്സഭയിൽ മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എൽപിജി വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തിയുണ്ടെന്നും ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
പെട്രോളിയം മന്ത്രി ഹർദ്ദീപ് സിംഗ് പുരിയെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ സഭയിൽ വൻ ബഹളത്തിന് ഇടയാക്കി. നോട്ടീസ് നൽകിയ വിഷയത്തിൽ മാത്രം സംസാരിക്കണമെന്ന് സ്പീക്കർ ഓം ബിർള നിർദ്ദേശിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രി സഭയിൽ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ ബദൽ മാർഗങ്ങളിലൂടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം സുരക്ഷിതമായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പെട്രോൾ, ഡീസൽ, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയ്ക്ക് നിലവിൽ ക്ഷാമമില്ലെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ എൽപിജി ഉൽപ്പാദനം 28 ശതമാനം വർധിപ്പിച്ചതായും ഉപഭോക്താക്കളുടെ അനാവശ്യ ആശങ്കയാണ് നിലവിലെ പരിഭ്രാന്തിക്ക് കാരണമെന്നും വിതരണം സുഗമമായി തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

