ദുബായ്/മുംബൈ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഗൾഫ് മേഖലയിൽ കനത്തതോടെ യുഎഇയിൽ നിക്ഷേപം നടത്തിയ ഇന്ത്യൻ കമ്പനികൾ കടുത്ത ആശങ്കയിൽ. കഴിഞ്ഞ ആറുമാസത്തിനിടെ യുഎഇയിൽ നിക്ഷേപം നടത്തിയ എണ്ണൂറോളം ഇന്ത്യൻ ചെറുകിട-ഇടത്തരം കമ്പനികളുടെ 1.3 ബില്യൺ ഡോളറിന്റെ (ഏകദേശം 11,000 കോടി രൂപ) നിക്ഷേപമാണ് നിലവിൽ ഭീഷണിയിലായിരിക്കുന്നത്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യൻ കമ്പനികൾ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ രാജ്യമായി യുഎഇ മാറിയ പശ്ചാത്തലത്തിലാണ് ഈ തിരിച്ചടി. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളെയാണ് യുദ്ധസാഹചര്യം ഏറ്റവും കൂടുതൽ ബാധിക്കുകയെന്നാണ് വിലയിരുത്തൽ. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഈ മേഖലയിൽ മാത്രം 280 ഇന്ത്യൻ കമ്പനികളിലായി 400 മില്യൺ ഡോളറിന്റെ നിക്ഷേപമുണ്ട്.
വൻകിട കോർപ്പറേറ്റുകളെ അപേക്ഷിച്ച് സാമ്പത്തിക ശേഷി കുറഞ്ഞ ചെറുകിട കമ്പനികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. പല കമ്പനികൾക്കും യുഎഇയിൽ മാത്രമാണ് നിക്ഷേപമുള്ളത് എന്നതിനാൽ ചരക്കുനീക്കം തടസ്സപ്പെടുന്നതും വിനോദസഞ്ചാരികളുടെ കുറവും ഇവരുടെ വരുമാനത്തെ നേരിട്ട് ബാധിക്കും. 2025 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങൾക്ക് ശേഷം നിക്ഷേപം നടത്തിയ മുംബൈയിലെ സബ് കോ കോഫി, ബ്രഹ്മ് ലൈഫ്സ്റ്റൈൽ, ഇദം നാച്ചുറൽ വെൽനസ് തുടങ്ങിയ കമ്പനികൾക്കും കഴിഞ്ഞ ആറുമാസത്തിനിടെ കോടികളുടെ നിക്ഷേപം നടത്തിയ ഗ്രാവിസ് ഫുഡ്സ്, ഹൽദിറാംസ്, ഓയോ പ്രോപ്ടെക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്കും പുതിയ സാഹചര്യത്തിൽ ആശങ്കയുണ്ട്. എന്നിരുന്നാലും യുദ്ധഭീതി നിലനിൽക്കുമ്പോഴും യുഎഇയിലെ ബിസിനസ് ഭാവിയിൽ കമ്പനികൾ പ്രതീക്ഷ കൈവിടുന്നില്ല. നിലവിലെ പ്രതിസന്ധി താത്കാലികം മാത്രമാണെന്നും ഗൾഫ് മേഖല പഴയ കരുത്തിലേക്ക് തിരിച്ചെത്തുമെന്നും നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് സാഗർ ദരിയാനി ഉൾപ്പെടെയുള്ളവർ പ്രത്യാശ പ്രകടിപ്പിച്ചു.

