തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖല (ESA) പട്ടികയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളം നൽകിയ ശുപാർശകൾ തള്ളിക്കളഞ്ഞ കേന്ദ്ര നിലപാട് മലയോര ജനതയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും സിപിഎം ചൂണ്ടിക്കാട്ടി.
ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ പൂർണമായും മറ്റ് ജില്ലകളിലെ 92 വില്ലേജുകളെ ഭാഗികമായും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
മലയോര ജനതയുടെ ആശങ്കകൾ പരിഗണിച്ച് ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമി, തോട്ടങ്ങൾ എന്നിവ സംരക്ഷിക്കുകയും വനമേഖലകൾ മാത്രം പരിസ്ഥിതി ലോല മേഖലയായി ഉൾപ്പെടുത്തുകയും ചെയ്യണമെന്ന ശുപാർശയാണ് സംസ്ഥാന സർക്കാർ കേന്ദ്ര വിദഗ്ധ സമിതിക്ക് നൽകിയിരുന്നത്. ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജില്ലാതല സ്‌ക്രൂട്ടിനി കമ്മിറ്റികൾ നടത്തിയ പഠനവും ജനാഭിപ്രായ ശേഖരണവും അടിസ്ഥാനമാക്കിയാണ് ഈ ശുപാർശ തയ്യാറാക്കിയത്.
വനം വകുപ്പ് ഉൾപ്പെടെയുള്ള വിദഗ്ധർ പങ്കെടുത്ത സമിതികളുടെ നിർദേശങ്ങൾ പോലും ആവശ്യമായ പരിശോധന കൂടാതെ തള്ളിക്കളഞ്ഞതായാണ് സിപിഎം ആരോപിക്കുന്നത്. കേന്ദ്രത്തിന്റെ ഈ നിലപാട് ഗൗരവത്തോടെ കാണുകയും അടിയന്തര ഇടപെടൽ നടത്തുകയും ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോടും സിപിഎം ആവശ്യപ്പെട്ടു.
കസ്തൂരിരംഗൻ സമിതി ശുപാർശകളിൽ സംസ്ഥാനങ്ങളുമായി സമവായം ഉണ്ടാക്കാനാണ് വിദഗ്ധ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചതെന്നും, എന്നാൽ കേരളത്തിന്റെ നിർദേശങ്ങൾ തള്ളിക്കളഞ്ഞ് ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചതാണ് ഇപ്പോൾ സംഭവിച്ചതെന്നും സിപിഎം വിമർശിച്ചു. ആവശ്യമായ ഫീൽഡ് സർവേ പോലും നടത്താതെയാണ് ഈ തീരുമാനമെന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി പാർട്ടി ചൂണ്ടിക്കാട്ടി.
പരിസ്ഥിതി ലോല മേഖലയായി കേന്ദ്രം നിശ്ചയിച്ച പ്രദേശങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമി, തോട്ടങ്ങൾ എന്നിവ ഉൾപ്പെടുന്ന 123 വില്ലേജുകളിലെ 4,548 ചതുരശ്ര കിലോമീറ്റർ ഭൂമി ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇത് അംഗീകരിച്ചിരുന്നെങ്കിൽ 31 വില്ലേജുകൾ പൂർണമായും ESA പരിധിയിൽ നിന്ന് ഒഴിവാകുമായിരുന്നു. ഇതിൽ 28 വില്ലേജുകളും ഇടുക്കി ജില്ലയിലാണ്.
ജനങ്ങളുടെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കണമെന്നും പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജനജീവിതവും സുരക്ഷിതമാക്കണമെന്നും ലക്ഷ്യമിട്ടായിരുന്നു എൽഡിഎഫ് സർക്കാരിന്റെ ശുപാർശയെന്ന് സിപിഎം വ്യക്തമാക്കി.
ഈ പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കപ്പെട്ടാൽ സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, വീടുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിരവധി കെട്ടിടങ്ങൾ ബാധിക്കപ്പെടും. പുതിയ നിർമ്മാണങ്ങൾക്കും വിവിധ വികസന പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ വരുമെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ നിർദേശം നടപ്പായില്ലെങ്കിൽ ഏകദേശം 45 ലക്ഷം ജനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. മലയോര ജനതയ്ക്ക് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി.

