Home Kerala‘വർഗീയ കക്ഷികളുമായി സന്ധി ചെയ്യുന്നത് യുഡിഎഫ്; വി.ഡി. സതീശൻ വോട്ട് കച്ചവടത്തിന്റെ ഹോൾസെയിൽ ഡീലർ’; ആഞ്ഞടിച്ച് എ. വിജയരാഘവൻ

‘വർഗീയ കക്ഷികളുമായി സന്ധി ചെയ്യുന്നത് യുഡിഎഫ്; വി.ഡി. സതീശൻ വോട്ട് കച്ചവടത്തിന്റെ ഹോൾസെയിൽ ഡീലർ’; ആഞ്ഞടിച്ച് എ. വിജയരാഘവൻ

by news_desk
0 comments

തിരുവനന്തപുരം: കേരളത്തിൽ വർഗീയ കക്ഷികളുമായി ചേർന്ന് വോട്ട് കച്ചവടം നടത്തുന്നത് യുഡിഎഫ് ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ‘ഹോൾസെയിൽ ഡീലർ’ ആണെന്നും സിപിഐഎം നേതാവ് എ. വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമിയുൾപ്പെടെയുള്ള തീവ്ര നിലപാടുകാരുമായി സഖ്യമുണ്ടാക്കി അധികാരം പങ്കിട്ട ചരിത്രമാണ് കോൺഗ്രസിനുള്ളത്. ബിജെപിയുമായി തരാതരം പോലെ വോട്ട് കച്ചവടം നടത്തുന്നതിൽ സതീശൻ വിദഗ്ദ്ധനാണെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പല മണ്ഡലങ്ങളിലും വർഗീയ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്നാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വ്യക്തിഹത്യ നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് വിവാദമാക്കാനാണ് മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നത്. സമൂഹം അംഗീകരിക്കാത്ത ഒരു വാക്കും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇത്തരം നുണകൾ ഉരുവിട്ടു പഠിപ്പിക്കുകയാണ്. മൂർച്ചയില്ലാത്ത പ്രതിപക്ഷമായി യുഡിഎഫ് മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ. മുരളീധരൻ യുഡിഎഫിലെ ‘ഡീൽ’ രാഷ്ട്രീയത്തിന്റെ ഇരയാണെന്നും വിജയരാഘവൻ പരിഹസിച്ചു. വട്ടിയൂർക്കാവിൽ തോൽവി ഉറപ്പായപ്പോഴാണ് അദ്ദേഹം ഡീൽ ആരോപണവുമായി രംഗത്തെത്തിയത്. സ്വന്തം മുന്നണിയിലെ ഡീലർമാർ നടത്തിയ കച്ചവടത്തിന്റെ ഭാഗമായാണ് മുരളീധരൻ പരാജയപ്പെട്ടത്. ബാർ ഉടമകളുമായി അടുത്ത ബന്ധം പുലർത്തുന്നത് കോൺഗ്രസ് നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു. അസംതൃപ്തരുടെ കൂട്ടായ്മ ഉണ്ടാക്കുമെന്ന കെ.കെ. രമയുടെ പ്രസ്താവനയെ മൂല്യമില്ലാത്ത നാണയങ്ങൾക്ക് വിലയില്ലെന്ന് പറഞ്ഞ് വിജയരാഘവൻ തള്ളി.

You may also like