Home Nationalവർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും

by news_desk
0 comments

ന്യൂഡൽഹി: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ പാചകവാതകം (എൽപിജി) ഇറക്കുമതി ചെയ്തു. 2019-ൽ അമേരിക്കൻ ഉപരോധത്തെത്തുടർന്ന് നിർത്തിവെച്ച ഊർജ്ജ ഇറക്കുമതിയാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഇറാനിൽ നിന്നുള്ള എൽപിജിയുമായി ‘അറോറ’ എന്ന കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അമേരിക്ക ഉപരോധങ്ങളിൽ ഭാഗികമായി ഇളവ് നൽകിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം. ഇറാനിൽ നിന്നുള്ള ഈ എൽപിജി ശേഖരം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖലാ കമ്പനികൾ പങ്കിട്ടെടുക്കും. രൂപയിൽ പണം നൽകിക്കൊണ്ട് ഒരു ഇടനിലക്കാരൻ വഴിയാണ് ഈ ഇടപാട് നടന്നിരിക്കുന്നത്. ഇറാനിൽ നിന്ന് കൂടുതൽ എൽപിജി വാങ്ങാനുള്ള സാധ്യതകളും സർക്കാർ പരിശോധിച്ചുവരികയാണ്.

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ ഊർജ്ജ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾക്കായി വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. അസംസ്‌കൃത എണ്ണ, എൽപിജി തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ധനവുമായി കൂടുതൽ കപ്പലുകൾ രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. നിലവിൽ നാല് കപ്പലുകൾ ഇതിനോടകം എത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ഇന്ധനക്കപ്പലുകൾ എത്തുമെന്നും രാജ്യം സുരക്ഷിതമാണെന്നും സർക്കാർ ഉറപ്പുനൽകി.

You may also like