ബെംഗളൂരു: മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ മൂത്ത മകൾ ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്വെയർ എഞ്ചിനീയറായ ശ്വേതയെ പുതുച്ചേരിയിൽ നിന്നാണ് പിടികൂടിയത്. വീട്ടിൽ ഒരു സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ലെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ശ്വേത പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്.
കെ ആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഫ്ലാറ്റിൽ സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ദമ്പതികളുടെ മൂത്ത മകൾ ശ്വേതയും ലിവ്-ഇൻ പങ്കാളിയായ കെന്നത്തും ഒളിവിൽ പോയിരുന്നു. ശ്വേതയെ പിന്നീട് പിടികൂടിയെങ്കിലും കെന്നത്ത് ഇപ്പോഴും പിടിയിലായിട്ടില്ല.
“അമ്മ ഞങ്ങൾക്ക് ഒരു സ്വാതന്ത്ര്യവും നൽകിയിരുന്നില്ല. ഹൈസ്കൂൾ കാലം മുതൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാകുന്നതുവരെ ഞാൻ ഒരു തടവുകാരിയുടെ ജീവിതമാണ് നയിച്ചത്. കൂട്ടുകാരും സഹപാഠികളും എന്റെ അവസ്ഥ കണ്ട് വിഷമിക്കുകയോ കളിയാക്കുകയോ ചെയ്തിരുന്നു. മാതാപിതാക്കളും സഹോദരിയും ഉണ്ടായിട്ടും ഞാൻ ഒരു അനാഥയെപ്പോലെയാണ് ജീവിച്ചത്. അമ്മയുടെ കടുത്ത നിയന്ത്രണങ്ങൾ എന്നിൽ വെറുപ്പ് നിറച്ചു,” എന്നായിരുന്നു ശ്വേതയുടെ മൊഴിയെന്ന് പൊലീസ് അറിയിച്ചു.
മൂന്ന് പേരെയും ആക്രമിച്ചത് താനാണെന്നും ശ്വേത സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
ഫ്ലാറ്റിൽ നടന്നത് നാടിനെ ഞെട്ടിച്ച കൊലപാതകം
കെ ആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സായ് ഗ്രീൻ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച ശ്വേതയും കെന്നത്തും ഫ്ലാറ്റിലെത്തിയപ്പോൾ അമ്മ മുത്തുലക്ഷ്മി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്തുപോയിരിക്കുകയായിരുന്നു.
അമ്മയും മകളും തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ശ്വേതയും കെന്നത്തും മുത്തുലക്ഷ്മിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സോമസുന്ദറും സുപ്രിയയും മടങ്ങിയെത്തുന്നതിന് മുമ്പ് ഇരുവരും ബാത്ത്റൂമിൽ കയറി രക്തക്കറകൾ കഴുകിക്കളഞ്ഞു. വീട്ടിലെത്തിയ സുപ്രിയയെ ആദ്യം ആക്രമിക്കുകയും പിന്നീട് സോമസുന്ദറിനുനേരെ കത്തി വീശുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ സോമസുന്ദർ വീടിന് പുറത്തേക്ക് ഓടി സഹായത്തിനായി നിലവിളിച്ചെങ്കിലും ഇതിനിടെ മുൻവശത്തെ വാതിൽ അകത്തുനിന്ന് പൂട്ടി ബാൽക്കണി വഴി ശ്വേതയും കെന്നത്തും രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞ് വിവിധ സ്ഥലങ്ങളിലേക്ക് കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുതുച്ചേരിയിൽ നിന്ന് ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്തത്. കെന്നത്തിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
