മസിനഗുഡി: സമയം രാത്രി 9.30. മുതുമല കടുവ സങ്കേതത്തിലെ മസിനഗുഡി റേഞ്ച്, അവരല്ലാ സെക്ഷനിലെ സെൽവപ്പാ കോളനിയിൽ ശിവകുമാറിന്റെ വീട്ടിലേക്ക് ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥി ഓടിക്കയറി.
അതിഥിയെ കണ്ടതോടെ വീട്ടുകാർ ഞെട്ടിത്തരിച്ച് ജീവനും കൊണ്ട് പുറത്തേക്കോടി. നായയെ പിന്തുടർന്ന് എത്തിയ ഒരു പുലിയായിരുന്നു രാത്രി വീട്ടിലേക്ക് പാഞ്ഞുകയറിയത്.
നായയെ ഓടിച്ചെത്തിയ പുലി വീട്ടിനുള്ളിൽ കുടുങ്ങിയതോടെ വീട്ടുകാർ പുറത്തിറങ്ങി വീടടച്ചു. തുടർന്ന് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
വനം റേഞ്ച് ഓഫീസർ വി. രാജന്റെ നേതൃത്വത്തിൽ മസിനഗുഡി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മുതുമല ഫീൽഡ് ഡയറക്ടറുടെയും ഡെപ്യൂട്ടി ഡയറക്ടറുടെയും നിർദേശപ്രകാരം ഇന്ന് പുലർച്ചെ 2.30-നാണ് പുലിയെ കൂട്ടിലാക്കിയത്.
പിന്നീട് പുലിയെ സീഗൂർ വനമേഖലയിൽ തുറന്നുവിട്ടതായി വനംവകുപ്പ് അറിയിച്ചു.

