ഇന്ത്യൻ വാഹനവിപണിയിലെ മൈക്രോ എസ്യുവി സെഗ്മെന്റിൽ ടാറ്റ പഞ്ചിന്റെ ആധിപത്യം അവസാനിപ്പിക്കാൻ പുതിയ മോഡലുമായി മാരുതി സുസുക്കി എത്തുന്നു. ‘Y43’ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ മൈക്രോ എസ്യുവി 2027-ഓടെ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറഞ്ഞ വിലയിൽ മികച്ച എസ്യുവി അനുഭവം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് മാരുതി ഈ മോഡൽ പുറത്തിറക്കുന്നത്. അടുത്ത 5-6 വർഷത്തിനുള്ളിൽ കമ്പനി വിപണിയിലെത്തിക്കാൻ ഉദ്ദേശിക്കുന്ന ഏഴ് പുതിയ എസ്യുവികളിൽ ഒന്നായിരിക്കും ഇത്.
ഏകദേശം 3.8 മീറ്റർ നീളവും 1.7 മീറ്റർ വീതിയും പ്രതീക്ഷിക്കുന്ന ഈ വാഹനത്തിൽ 1.2 ലിറ്റർ, ത്രീ സിലിണ്ടർ സെഡ്-സീരീസ് (Z12E) പെട്രോൾ എഞ്ചിനായിരിക്കും കരുത്തേകുക. ഇത് 80 ബിഎച്ച്പി കരുത്തും 111.7 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പെട്രോൾ പതിപ്പിനൊപ്പം തന്നെ കിലോമീറ്ററിന് കുറഞ്ഞ ചെലവ് ഉറപ്പാക്കുന്ന സിഎൻജി വേരിയന്റും മാരുതി പുറത്തിറക്കിയേക്കും. സിഎൻജി മോഡലിൽ 69 ബിഎച്ച്പി കരുത്തും 101.8 എൻഎം ടോർക്കും പ്രതീക്ഷിക്കുന്നു. ഏകദേശം 2.5 മീറ്റർ വീൽബേസ് നൽകുന്നതിലൂടെ മികച്ച ഉൾസൗകര്യവും വാഹനത്തിനുണ്ടാകും.
അടിസ്ഥാന മോഡലിന് 5.25 ലക്ഷം മുതൽ 5.50 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്ന ഈ കുട്ടി എസ്യുവി, ഇടത്തരം കുടുംബങ്ങളെയാകും പ്രധാനമായും ആകർഷിക്കുക. നിലവിൽ എസ്യുവി വിഭാഗത്തിൽ 20 ശതമാനത്തോളം വിപണി വിഹിതമുള്ള മാരുതി സുസുക്കി, പുതിയ മോഡലുകളിലൂടെ ഈ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഈ മൈക്രോ എസ്യുവിക്ക് പുറമെ ‘YMC’ എന്ന പേരിൽ ഒരു സമ്പൂർണ്ണ ഇലക്ട്രിക് എംപിവിയും മാരുതിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

