Home Internationalഹോർമൂസ് കടലിടുക്കിൽ ശത്രുക്കളുടെ കപ്പൽ തടയാൻ അവകാശമുണ്ടെന്ന് യുഎൻ നെ അറിയിച്ച് ഇറാൻ; ഇന്ത്യയുടെ പാചകവാതക കപ്പൽ തീരമണഞ്ഞു

ഹോർമൂസ് കടലിടുക്കിൽ ശത്രുക്കളുടെ കപ്പൽ തടയാൻ അവകാശമുണ്ടെന്ന് യുഎൻ നെ അറിയിച്ച് ഇറാൻ; ഇന്ത്യയുടെ പാചകവാതക കപ്പൽ തീരമണഞ്ഞു

by news_desk
0 comments

തെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിൽ ശത്രുരാജ്യങ്ങളുടെ കപ്പലുകൾ തടയാൻ തങ്ങൾക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും കാരണം അമേരിക്കയുടെയും ഇസ്രയേലിന്റെയും അധിനിവേശ നയങ്ങളാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഹോർമൂസ് കടലിടുക്കിലെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്നും സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ സുരക്ഷ ഉറപ്പാക്കുമെന്നും അരാഗ്ചി പറഞ്ഞു. ഇറാനെതിരായ നീക്കങ്ങൾക്ക് ജിസിസി രാജ്യങ്ങളെ അമേരിക്ക ഉപയോഗിക്കുന്നതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും ഹോർമൂസ് കടലിടുക്ക് കടന്നുള്ള ഇന്ത്യയുടെ എൽപിജി ടാങ്കർ സുരക്ഷിതമായി ഗുജറാത്ത് തീരത്തെത്തി. 47,600 മെട്രിക് ടൺ പാചകവാതകവുമായി ‘ജഗ് വസന്ത്’ എന്ന കപ്പലാണ് ഇന്ത്യയിൽ നങ്കൂരമിട്ടത്. പാചകവാതക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തിന് വലിയ ആശ്വാസമാണ് ഈ നീക്കം. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഹോർമൂസ് കടലിടുക്ക് വഴി ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ കപ്പലാണിത്. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ അഞ്ച് രാജ്യങ്ങൾക്ക് കടലിടുക്ക് വഴി സഞ്ചരിക്കാൻ ഇറാൻ കഴിഞ്ഞ ദിവസം പ്രത്യേക അനുമതി നൽകിയിരുന്നു.

ഇറാൻ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം ഇവിടുത്തെ ഊർജ്ജനിലയങ്ങൾക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് നിർത്തിവെക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സമാധാന ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഇറാനെതിരെയുള്ള കരയുദ്ധം മുൻനിർത്തി 10,000 യുഎസ് സൈനികരെ കൂടി സംഘർഷ മേഖലയിലേക്ക് വിന്യസിക്കാൻ ട്രംപ് നിർദ്ദേശം നൽകിയത് മേഖലയിൽ വീണ്ടും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

You may also like