ദോഹ: ഖത്തറിലെ പ്രധാന ഗ്യാസ് ഉത്പാദന കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ ഗ്യാസ് പ്ലാന്റിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പ്ലാന്റ് മേഖലയിൽ വലിയ തീപിടിത്തമുണ്ടായി. രക്ഷാപ്രവർത്തനവും പരിശോധനയും തുടരുകയാണ്.
ഖത്തറിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ എനർജി നിയന്ത്രിക്കുന്ന ബർസാൻ ഗ്യാസ് പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. അടുത്തിടെ പ്രാദേശിക സംഘർഷങ്ങളെ തുടർന്ന് പ്രവർത്തനം നിർത്തിവച്ചിരുന്ന ഗ്യാസ് കയറ്റുമതി പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള അടിയന്തര രക്ഷാസംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ആഘാതം ഗ്യാസ് ഉത്പാദനത്തിലും ആഗോള ഊർജ വിപണിയിലും പ്രതിഫലിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ലോകത്തിലെ പ്രധാന പ്രകൃതി വാതക ഉത്പാദകരിൽ ഒന്നാണ് ഖത്തർ. റാസ് ലഫാൻ കേന്ദ്രത്തിലെ അപകടം ആഗോള എൽഎൻജി വിതരണത്തെയും ഊർജ വിപണിയെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

