പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു. രാജ്യസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് സ്വീകരിച്ച നടപടിയുടെ ഭാഗമായാണ് രാജിയെന്ന് ജെഡിയു നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രിസ്ഥാനത്തുനിന്നും ഉടൻ രാജി സമർപ്പിക്കുമെന്ന സൂചനയും പാർട്ടി വൃത്തങ്ങൾ നൽകുന്നു.
നിതീഷ് കുമാർ രാജിവെച്ചാൽ ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ വേഗത്തിലാകും. ബിജെപിയിൽ നിന്ന് പുതിയ മുഖ്യമന്ത്രി എത്തുമോ എന്നതിലാണ് രാഷ്ട്രീയ വൃത്തങ്ങളുടെ ശ്രദ്ധ. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൂടുതൽ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ബിജെപി നേതാവ് ആദ്യമായി ബിഹാർ മുഖ്യമന്ത്രിയാകുമോ എന്ന ചർച്ചകളും ശക്തമാണ്.
രണ്ട് പതിറ്റാണ്ടിലധികമായി ബിഹാർ രാഷ്ട്രീയത്തിൽ നിർണായക സാന്നിധ്യമായ നിതീഷ് കുമാർ പത്താം തവണയാണ് മുഖ്യമന്ത്രിയായത്. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. നാലുമാസം മുമ്പാണ് വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
അതേസമയം, നിതീഷ് കുമാർക്ക് രാജ്യസഭയിലേക്ക് പോകാനുള്ള വ്യക്തിപരമായ താൽപര്യമില്ലായിരുന്നുവെന്നും സഖ്യകക്ഷിയായ ബിജെപിയുടെ സമ്മർദത്തെ തുടർന്നാണ് തീരുമാനം ഉണ്ടായതെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. ജെഡിയുവിന്റെ രാഷ്ട്രീയ ശക്തി കുറയ്ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു.

