മെട്രോ നഗരങ്ങളിൽ ഓട്ടോ ഡ്രൈവർമാർ അമിതകൂലി ഈടാക്കുന്നു എന്ന പരാതികൾക്കിടയിൽ, വേറിട്ടൊരു അനുഭവവുമായി ഒരു ഐടി ഉദ്യോഗസ്ഥന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഐടി മേഖലയിൽ ഇന്റേൺ ആയി ജോലി ചെയ്യുന്ന ഓജസ് ശർമ്മ എന്ന യുവാവാണ് തന്റെ യാത്രാനുഭവം പങ്കുവെച്ചത്. തന്റെ ശമ്പളം എത്രയാണെന്ന് കേട്ടപ്പോൾ മീറ്ററിൽ കാണിച്ച തുകയേക്കാൾ കുറഞ്ഞ പണം നൽകിയാൽ മതിയെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറുടെ മനുഷ്യത്വമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഓഫീസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഓജസ് ഡ്രൈവറുമായി സംസാരിച്ചത്. ഐടി മേഖലയിലായതിനാൽ യുവാവിന് വലിയ ശമ്പളം ലഭിക്കുന്നുണ്ടാകുമെന്നായിരുന്നു ഡ്രൈവറുടെ ധാരണ. എന്നാൽ തന്റെ സ്റ്റൈപ്പൻഡ് തുക എത്രയാണെന്ന് ഓജസ് വെളിപ്പെടുത്തിയതോടെ ഡ്രൈവർ അമ്പരന്നുപോയി. “ഇത്രയും കുറഞ്ഞ തുകയോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. താൻ ഓട്ടോ ഓടിച്ച് ദിവസം 1000 മുതൽ 2000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്ര അവസാനിപ്പിച്ചപ്പോൾ മീറ്ററിൽ 443 രൂപയാണ് കാണിച്ചത്. പണം നൽകാനായി ക്യുആർ കോഡ് ചോദിച്ച ഓജസിനോട്, “ഭയ്യാ, നിങ്ങൾ 400 രൂപ തന്നാൽ മതി” എന്ന് ഡ്രൈവർ പറയുകയായിരുന്നു. യുവാവിന്റെ ശമ്പളം കുറവാണെന്ന് അറിഞ്ഞപ്പോൾ സഹാനുഭൂതി പ്രകടിപ്പിച്ച ഡ്രൈവറുടെ മനസ്സിനെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. എന്നാൽ ഡ്രൈവറുടെ സ്നേഹം നിരസിക്കാതെ തന്നെ ഓജസ് മീറ്ററിൽ കാണിച്ച 443 രൂപയും അദ്ദേഹത്തിന് കൈമാറി. ഇന്നും നല്ല മനുഷ്യർ നമുക്കിടയിലുണ്ടെന്ന തിരിച്ചറിവാണ് ഈ യാത്ര നൽകിയതെന്ന് ഓജസ് തന്റെ പോസ്റ്റിൽ കുറിച്ചു. പണത്തേക്കാൾ മൂല്യം മനുഷ്യത്വത്തിനാണെന്ന് തെളിയിക്കുന്ന ഈ സംഭവം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

