ദുബായ്: പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതിനിടെ യുഎഇ ലക്ഷ്യമാക്കി വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. ദുബായ് മറീന മേഖലയിലെ ഒരു കെട്ടിടത്തിന് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. യുഎഇ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് മിസൈൽ തകർത്തതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് കെട്ടിടത്തിന്റെ മുൻഭാഗത്ത് വീണത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
ദുബായ് മറീനയിൽ മുൻപും സമാനമായ രീതിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, അബുദാബിയിൽ കഴിഞ്ഞ ദിവസം രണ്ടിടങ്ങളിൽ ഇറാന്റെ ആക്രമണമുണ്ടായി. ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്ലാന്റിന് തീപിടിക്കുകയും പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു. വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ട മിസൈലിന്റെയോ ഡ്രോണിന്റെയോ അവശിഷ്ടങ്ങൾ വീണാണ് പ്ലാന്റിൽ തീപിടുത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അബുദാബിയിലെ അജ്ബാൻ മേഖലയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ യുഎഇയിൽ ഉടനീളം കടുത്ത സുരക്ഷാ ജാഗ്രതയാണ് പുലർത്തുന്നത്.

