Home Top Storiesമുണ്ടക്കൈ–ചൂരൽമല ഫണ്ട് പിരിവിൽ വ്യാജപ്രചാരണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

മുണ്ടക്കൈ–ചൂരൽമല ഫണ്ട് പിരിവിൽ വ്യാജപ്രചാരണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

by news_desk
0 comments

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് നടത്തിയ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ഡിജിപിക്ക് പരാതി നൽകി. പാർട്ടിയെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സി‌പി‌ഐ‌എമ്മിന്റെ തിരഞ്ഞെടുപ്പ് അജണ്ടയാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് നൽകിയ പരാതിയിൽ പറയുന്നു. മൂന്ന് പേർക്കെതിരെയാണ് നിലവിൽ പരാതി നൽകിയിരിക്കുന്നത്.

ദുരന്തബാധിതർക്കായി ആപ്പ് വഴി സമാഹരിച്ച തുകയുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് സി‌പി‌ഐ‌എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കോൺഗ്രസ് ഇപ്പോൾ കണക്കുകൾ നിരത്തുന്നതെന്ന് സി‌പി‌ഐ‌എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചു. എന്നാൽ, വയനാട് പുനരധിവാസത്തിനായി പിരിച്ചെടുത്ത തുകയിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവാക്കിയിട്ടില്ലെന്നും ഏത് അക്കൗണ്ട് പരിശോധിക്കാനും പാർട്ടി തയ്യാറാണെന്നും ഷാഫി പറമ്പിൽ എം‌പി വ്യക്തമാക്കി.

ഭവന നിർമ്മാണത്തിനായി കോൺഗ്രസ് ആകെ 6 കോടി 43 ലക്ഷം രൂപയാണ് സമാഹരിച്ചതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ഇതിൽ ഒരു കോടി 5 ലക്ഷം രൂപ യൂത്ത് കോൺഗ്രസിന്റെ വിഹിതമാണ്. ദുരന്തബാധിതർക്ക് വീട് വെച്ചുനൽകുന്നതിനായി രണ്ട് ഘട്ടങ്ങളിലായി ഭൂമി വാങ്ങിയ ഇനത്തിൽ 6 കോടി 18 ലക്ഷം രൂപ ഇതിനോടകം ചെലവായെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. ഫണ്ട് വിനിയോഗത്തിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ ലാഭത്തിനായി വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

You may also like