കണ്ണൂർ: പയ്യന്നൂരിൽ സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ. രാവിലെ മുതൽ തന്നെ കള്ളവോട്ട് നടന്നുവെന്നും ഉച്ചയ്ക്ക് ശേഷം അത് കൂടുതൽ വ്യാപകമായെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളൂർ, കാറമേൽ, കണ്ടോത്ത് മേഖലകളിൽ വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ച് വോട്ട് ചെയ്യുന്നുവെന്നാണ് ആരോപണം. വോട്ടർ പട്ടികയിലെ ഫോട്ടോയും ഐഡി കാർഡിലെ ഫോട്ടോയും വ്യത്യസ്തമാണെന്നും, ഇത്തരം ക്രമക്കേടുകൾക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും കൂട്ടുനിൽക്കുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
പ്രിസൈഡിംഗ് ഓഫീസർമാർ ഇടപെടുന്നില്ലെന്നും, പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം തൃക്കരിപ്പൂരിലും കള്ളവോട്ട് ആരോപണം ഉയർന്നിട്ടുണ്ട്. പിലിക്കോട്–പുത്തിലോട് 137-ാം നമ്പർ ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് നടത്തിയെന്നതാണ് യുഡിഎഫ് ആരോപണം. കള്ളവോട്ട് തടയാൻ ശ്രമിച്ച ബൂത്ത് ഏജന്റിനെ മർദിച്ചതായും യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ പറഞ്ഞു. സംഭവത്തിൽ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെ സംസ്ഥാനത്ത് മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിവരെ 62.71 ശതമാനം പോളിങ് രേഖപ്പെടുത്തി. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഏകദേശം 2.71 കോടി വോട്ടർമാരാണ് ഇത്തവണ വിധിയെഴുതുന്നത്.

