കൊച്ചി: എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിലെ 43 സീറ്റുകൾ യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് നടത്തിയതെന്നും അതിന്റെ ഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോളിങ് ശതമാനത്തിലെ വർധനവ് യുഡിഎഫിന് അനുകൂലമാണെന്നും, മുഴുവൻ സീറ്റുകളും നേടാനായാലും അത്ഭുതപ്പെടാനില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ 35 വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രവർത്തനമാണിതെന്നും അദ്ദേഹം വിലയിരുത്തി.
“പ്രവാസി വോട്ടർമാർ കൂടുതൽ എത്തിയിരുന്നെങ്കിൽ പോളിങ് ഇനിയും ഉയർന്നേനേ. എങ്കിലും പ്രവർത്തകരുടെയും നേതാക്കളുടെയും ഏകോപിത ശ്രമം മികച്ച ഫലമാണ് നൽകിയിരിക്കുന്നത്. 2005 മുതൽ യുഡിഎഫിനൊപ്പം ഇല്ലാതിരുന്ന പല വിഭാഗങ്ങളും ഇത്തവണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്,” സതീശൻ പറഞ്ഞു.
സംഘടനാ മികവിലും പദ്ധതിപരമായ പ്രവർത്തനങ്ങളിലും യുഡിഎഫ് മുന്നിലെത്തിയതായും, ശക്തമായ കേഡർ പാർട്ടികളെയുപോലും നേരിടാൻ കഴിയുന്ന രീതിയിലാണ് പ്രവർത്തനം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിനെതിരെ ജനങ്ങളിൽ അസന്തോഷവും അമർഷവും നിലനിൽക്കുന്നതായും, മാറ്റത്തിനുള്ള പ്രതീക്ഷ ജനങ്ങളിൽ വളർന്നുവരുന്നതായും സതീശൻ പറഞ്ഞു.
അതേസമയം സിപിഐഎമ്മിൽ ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്നും അതുമായി ബന്ധപ്പെട്ട ശബ്ദരേഖകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വനിതാ മുഖ്യമന്ത്രിയെയോ യുവ മുഖ്യമന്ത്രിയെയോ കുറിച്ചുള്ള ചർച്ചകൾ അധികാരം ലഭിക്കില്ലെന്ന ഉറപ്പിന്റെ പശ്ചാത്തലത്തിലാണെന്നും സതീശൻ വിമർശിച്ചു.

