ന്യൂഡൽഹി: ഇടിമുഴക്ക ശബ്ദത്തിന് പേരുകേട്ട റോയല്‍ എന്‍ഫീല്‍ഡ് ഇനി ‘സൈലന്റ്’ മോഡിലും. കമ്പനി തങ്ങളുടെ പുതിയ ഇലക്ട്രിക് ബ്രാൻഡായ ‘ഫ്‌ളൈയിങ് ഫ്‌ളീ’യുടെ കീഴിൽ ആദ്യ മോഡൽ C6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
യുദ്ധകാല ബൈക്കുകളിൽ നിന്നുള്ള പ്രചോദനത്തോടെ രൂപകൽപ്പന ചെയ്ത ഈ മോഡൽ, റെട്രോ ഡിസൈനും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഇലക്ട്രിക് ഇരുചക്ര വാഹനമാണ്. ഇന്ത്യയിലും യുകെയിലുമുള്ള 200-ലേറെ എൻജിനീയർമാർ ചേർന്നാണ് ബൈക്ക് വികസിപ്പിച്ചത്. റെഡ് ഡോട്ട് ഡിസൈൻ അവാർഡും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
സാങ്കേതിക സവിശേഷതകൾ:
3.91kWh ലിഥിയം-അയൺ ബാറ്ററിയാണ് ബൈക്കിലുള്ളത്. ഏകദേശം 115 കിലോമീറ്റർ റേഞ്ച് ലഭിക്കും. 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ഒരു മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനാകും. 21 bhp കരുത്തും 60Nm ടോർക്കും ബൈക്ക് നൽകുന്നു. ആകെ ഭാരം 124 കിലോ മാത്രമാണ്.
മുന്നിലെ ഗിർഡർ ഫോർക്കുകൾ ബൈക്കിന് പ്രത്യേക ക്ലാസിക് ലുക്ക് നൽകുന്നു. ഫ്‌ളീ ഗ്രീൻ, സ്റ്റോം ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ടച്ച്‌സ്‌ക്രീൻ TFT ഡിസ്പ്ലേ, ABS, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വോയ്സ് അസിസ്റ്റ്, വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ ആധുനിക ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
2.79 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭ വില. ബാറ്ററി സബ്സ്ക്രിപ്ഷൻ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് 1.99 ലക്ഷം രൂപയ്ക്ക് ബൈക്ക് സ്വന്തമാക്കാം. വെള്ളിയാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ ബെംഗളൂരുവിലെ ജയനഗർ ഔട്ട്ലെറ്റിലൂടെ ബുക്കിങ് നടക്കും. മേയ് അവസാനം മുതൽ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

