ന്യൂഡല്‍ഹി: വാണിജ്യ വാഹന രംഗത്ത് ഇലക്ട്രിക് സാന്നിധ്യം ശക്തിപ്പെടുത്തി ടാറ്റ മോട്ടോഴ്സ് പുതിയ പിക്കപ്പ് മോഡല്‍ ‘ടാറ്റ ഇന്‍ട്രാ ഇവി’ അവതരിപ്പിച്ചു. 11.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില.
28.2 കെഡബ്ല്യുഎച്ച് ശേഷിയുള്ള ഐപി67 റേറ്റുചെയ്ത ബാറ്ററിയാണ് വാഹനത്തില്‍. ഒറ്റ ചാര്‍ജില്‍ 211 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. 72 കിലോവാട്ട് വൈദ്യുത മോട്ടോര്‍ 230 എന്‍എം പീക്ക് ടോര്‍ക്ക് ഉല്പാദിപ്പിച്ച് പൂര്‍ണ ലോഡിലും മികച്ച പുള്ളിങ് പവര്‍ ഉറപ്പാക്കുന്നു.
സിസിഎസ്2 ചാര്‍ജര്‍ ഉപയോഗിച്ചുള്ള ഫാസ്റ്റ് ചാര്‍ജിംഗിലൂടെ 55 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും. ബാറ്ററിക്ക് 6 വര്‍ഷം അല്ലെങ്കില്‍ 2 ലക്ഷം കിലോമീറ്റര്‍ വരെ വാറന്റിയും കമ്പനി നല്കുന്നു.
1,750 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയുള്ള ഈ വാഹനത്തിന് 10 അടി 2 ഇഞ്ച് നീളമുള്ള ലോഡ് ബോഡി ഓപ്ഷനും ലഭ്യമാണ്. എഫ്എംസിജി, ഇ-കോമേഴ്സ്, കോള്‍ഡ് ചെയിന്‍, ഗ്യാസ് സിലിണ്ടര്‍ വിതരണം, പാല് വിതരണം തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കാന്‍ ഇത് അനുയോജ്യമാണെന്ന് കമ്പനി അറിയിച്ചു.
ലാഭകരവും പരിസ്ഥിതി സൗഹൃദവുമായ ചരക്ക് ഗതാഗതത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ ഇന്‍ട്രാ ഇവി വിപണിയിലെത്തിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

