Home Top Storiesപേരാവൂരിൽ അട്ടിമറി പ്രതീക്ഷിച്ച് സിപിഐഎം; ശൈലജയ്ക്ക് വ്യക്തിപരമായ വോട്ടുകൾ നിർണായകം

പേരാവൂരിൽ അട്ടിമറി പ്രതീക്ഷിച്ച് സിപിഐഎം; ശൈലജയ്ക്ക് വ്യക്തിപരമായ വോട്ടുകൾ നിർണായകം

by news_desk1
0 comments

കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ കെ. കെ. ശൈലജ അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. ഏകദേശം 3000 വോട്ടിന് വിജയം നേടാമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ.

ശൈലജയ്ക്ക് വ്യക്തിപരമായി 5000 വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞാൽ വിജയം ഉറപ്പാകുമെന്നാണു പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അവരുടെ ജനകീയതയും ജന്മനാട്ടിൽ നിന്ന് ലഭിക്കുന്ന പിന്തുണയും നിർണായക ഘടകങ്ങളായിരിക്കുമെന്ന് വിലയിരുത്തുന്നു. മത-സാമുദായിക ഘടകങ്ങളും അനുകൂലമാണെന്നാണ് റിപ്പോർട്ട്.

അതേസമയം, ഉറച്ച പാർട്ടി വോട്ടുകൾ മാത്രം കണക്കാക്കിയാൽ നിലവിലെ എംഎൽഎയായ സണ്ണി ജോസഫ് ഏകദേശം 5000 വോട്ടിന് മുന്നിലാണെന്ന് മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തെ അറിയിച്ചു.

സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് പേരാവൂർ. 2006-ൽ ഇവിടെ നിന്നാണ് കെ. കെ. ശൈലജ നിയമസഭയിലെത്തിയത്. എന്നാൽ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം 2011-ൽ പരാജയപ്പെട്ടു. തുടർന്ന് സണ്ണി ജോസഫാണ് മണ്ഡലം പ്രതിനിധീകരിക്കുന്നത്. 2021-ൽ 3172 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ വിജയം.

കെപിസിസി പ്രസിഡൻ്റായ സണ്ണി ജോസഫിന്റെ സിറ്റിംഗ് സീറ്റിൽ ശൈലജയെ മത്സരിപ്പിച്ച സിപിഐഎം തീരുമാനത്തിൽ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. വിജയസാധ്യത കുറവുള്ള മണ്ഡലത്തിൽ ഇറക്കിയെന്ന ആരോപണങ്ങൾക്കിടയിലും, പേരാവൂർ പിടിച്ചെടുക്കാനാണ് ഈ നീക്കമെന്ന നിലപാടിലാണ് സിപിഐഎം നേതൃത്വം.

You may also like