കൊച്ചി: അഴിമതി ആരോപണങ്ങൾ തള്ളി കൊച്ചി മേയർ വി.കെ. മിനിമോൾ രംഗത്ത്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ചിലപ്പോൾ എടുക്കേണ്ടി വരുന്ന തീരുമാനങ്ങൾ നിയമപരമായി ശരിയാകണമെന്നില്ലെങ്കിലും മനസാക്ഷിയുടെ മുൻപിൽ ശരിയാണെന്ന് മേയർ വ്യക്തമാക്കി.
പാലാരിവട്ടം റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും, ഇതിന് പിന്നിൽ വ്യക്തിപരമായ വൈരാഗ്യമാണെന്നും മിനിമോൾ പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.
പാലാരിവട്ടം പ്രദേശത്തെ റോഡ് നവീകരണത്തിനായി മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം. എന്നാൽ, ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാനായി മധ്യസ്ഥയായി നിന്നാണ് ചില കാര്യങ്ങൾ ചെയ്തതെന്നും, കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മേയർ വിശദീകരിച്ചു.
പരാതി ഉയർന്നപ്പോൾ അല്ല പണം തിരികെ നൽകിയതെന്നും, കൗൺസിലർ സ്ഥാനം മാറിയ സാഹചര്യത്തിലാണ് തുക മടക്കിനൽകിയതെന്നും അവർ വ്യക്തമാക്കി. വിഷയത്തിന്റെ യാഥാർത്ഥ്യം ബന്ധപ്പെട്ട അസോസിയേഷൻ അംഗങ്ങൾക്ക് അറിയാമെന്നും മിനിമോൾ കൂട്ടിച്ചേർത്തു.അതേസമയം, ആരോപണങ്ങളെ തുടർന്ന് മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.

