ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി പ്രധാനമന്ത്രി അയച്ച കത്തിന് മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ബില്ലുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടതാണെന്നാണ് ഖര്‍ഗെ കത്തില്‍ ആരോപിച്ചത്.
തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനല്ല, മറിച്ച് രാഷ്ട്രീയ ലാഭത്തിനാണെന്ന സംശയമാണ് ഉയര്‍ത്തുന്നതെന്ന് ഖര്‍ഗെ വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉള്‍പ്പെടുത്തി ഏപ്രില്‍ 29ന് ശേഷം സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യവും അദ്ദേഹം ആവര്‍ത്തിച്ചു.
പ്രതിപക്ഷത്തെ വിശ്വാസത്തില്‍ എടുത്തില്ലാതെയാണ് പ്രത്യേക സമ്മേളനം വിളിച്ചതെന്നും, ഇത് സ്ത്രീ ശാക്തീകരണത്തിനേക്കാള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായുള്ള നീക്കമാണെന്നും ഖര്‍ഗെ വിമര്‍ശിച്ചു.
അതേസമയം, വനിതാ സംവരണ ബില്‍ നടപ്പാക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി എംപിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. 2029ലെ ലോക്‌സഭയും നിയമസഭാ തിരഞ്ഞെടുപ്പുകളിലും വനിതാ സംവരണം നടപ്പാക്കണമെന്നും, ഇത് രാജ്യത്തെ സ്ത്രീകളോടുള്ള പ്രധാന ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബില്ല് പ്രകാരം ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നില്‍ ഒരു പങ്ക് സീറ്റുകള്‍ സംവരണം ചെയ്യുന്നതാണ് ലക്ഷ്യം. കൂടാതെ, സീറ്റുകളുടെ എണ്ണം 50 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശവും ഉള്‍പ്പെടുന്നു. ഭരണഘടനാ ഭേദഗതി നടപ്പാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ ഭരണപക്ഷത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ നിര്‍ണായകമാണ്.

