Home Top Storiesസംസ്ഥാനത്ത് 79.63 ശതമാനം പോളിങ്; അന്തിമ കണക്കുകൾ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

സംസ്ഥാനത്ത് 79.63 ശതമാനം പോളിങ്; അന്തിമ കണക്കുകൾ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

by news_desk
0 comments

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏകദേശ പോളിങ് കണക്കുകൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പുറത്തുവിട്ടു. സംസ്ഥാനത്ത് ആകെ 79.63 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് പ്രാഥമിക കണക്ക്. ഇതിൽ ബൂത്തുകളിലെത്തി നേരിട്ട് വോട്ട് ചെയ്തവരുടെ ശതമാനം 78.27 ആണ്. പോസ്റ്റൽ, സർവീസ് വോട്ടുകൾ കൂടി ഉൾപ്പെടുന്നതോടെ അന്തിമ കണക്കിൽ നേരിയ മാറ്റങ്ങൾ വരാമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിടാൻ വൈകുന്നുവെന്ന രാഷ്ട്രീയ പാർട്ടികളുടെ പരാതികൾക്കിടയിലാണ് വിശദീകരണവുമായി കമ്മീഷൻ രംഗത്തെത്തിയത്.

നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും സാധാരണ എടുക്കുന്ന സമയം മാത്രമേ കണക്കെടുപ്പിനായി വന്നിട്ടുള്ളൂ എന്നും രത്തൻ ഖേൽക്കർ പറഞ്ഞു. കണക്കുകൾ വൈകുന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. എന്നാൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അന്തിമ കണക്കുകൾ കൃത്യസമയത്ത് കൈമാറിയിട്ടുണ്ടെന്നും ഫോം 17C ബൂത്ത് തലത്തിൽ തന്നെ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മറുപടി നൽകി. മുതിർന്ന പൗരന്മാരുടെ വോട്ട് 96.3 ശതമാനമാണ്. 60,734 ഭിന്നശേഷിക്കാർ വോട്ട് രേഖപ്പെടുത്തി. 96.7 ശതമാനം ഹോം വോട്ടുകളും 32,172 അവശ്യ വിഭാഗക്കാരുടെ വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന 1,35,068 ഉദ്യോഗസ്ഥരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

കനത്ത പോളിങ് രേഖപ്പെടുത്തിയത് മുന്നണികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഉയർന്ന പോളിങ് ശതമാനം തങ്ങളെ തുണയ്ക്കുമെന്ന അവകാശവാദവുമായി എൽഡിഎഫും യുഡിഎഫും ഒരുപോലെ രംഗത്തുണ്ട്. പാലക്കാട്ടെയും നേമത്തെയും വിവാദങ്ങൾക്കിടയിലും സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചതിൽ കമ്മീഷൻ സംതൃപ്തി രേഖപ്പെടുത്തി. ശബരിമല കേസിലെ സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണങ്ങളും കേന്ദ്രം പ്രഖ്യാപിച്ച വനിതാ സംവരണം ഉൾപ്പെടെയുള്ള ദേശീയ ചർച്ചകളും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് മെയ് നാലിന് വോട്ടെണ്ണുമ്പോൾ വ്യക്തമാകും.

You may also like