ലഖ്‌നൗ: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ അലിഗഞ്ച് പ്രദേശത്ത് കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പേർ ദാരുണമായി മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീ അതിവേഗം വ്യാപിച്ചതോടെ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി. രക്ഷപ്പെടാനായി ചിലർ ഒന്നാം നിലയിൽ നിന്നും മുകളിലത്തെ നിലകളിൽ നിന്നുമെല്ലാം താഴേക്ക് ചാടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
കോച്ചിംഗ് സെന്ററിന് പുറമേ പെറ്റ് ഷോപ്പും മറ്റ് വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു. നിരവധി വിദ്യാർഥികൾ ഉൾപ്പെടെ ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്. രക്ഷപ്പെടുന്നതിനിടെ താഴേക്ക് ചാടിയ ചിലർക്ക് ഗുരുതര പരിക്കേറ്റതായും അറിയുന്നു.
തീപിടിത്ത വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്, അഗ്നിശമന സേന, ദുരന്തനിവാരണ വിഭാഗം എന്നിവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. അപകടത്തിൽപ്പെട്ടവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.
സംഭവസ്ഥലം സന്ദർശിച്ച ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സ്ഥിതിഗതികൾ വിലയിരുത്തുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അടിയന്തര ധനസഹായമായി നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

