Home Nationalനീറ്റ് ചോദ്യച്ചോർച്ച എങ്ങനെ? സിബിഐയുടെ നിർണായക കണ്ടെത്തൽ; സുരക്ഷാ വീഴ്ച മുതലെടുത്ത് ചോദ്യങ്ങൾ പുറത്തേക്ക്

നീറ്റ് ചോദ്യച്ചോർച്ച എങ്ങനെ? സിബിഐയുടെ നിർണായക കണ്ടെത്തൽ; സുരക്ഷാ വീഴ്ച മുതലെടുത്ത് ചോദ്യങ്ങൾ പുറത്തേക്ക്

by news_desk1
0 comments

ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നത് എങ്ങനെയെന്നതിൽ നിർണായക കണ്ടെത്തലുമായി സിബിഐ. ചോദ്യപേപ്പർ തയ്യാറാക്കുന്ന ഘട്ടത്തിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് വിഷയ വിദഗ്ധർ ചോദ്യങ്ങൾ പുറത്തേക്ക് കടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ വിദഗ്ധരിൽ ഒരാൾ ചോദ്യങ്ങൾ പേപ്പറിൽ എഴുതി പുറത്തേക്ക് എത്തിച്ചപ്പോൾ, മറ്റ് രണ്ട് പേർ ചോദ്യങ്ങൾ മനഃപാഠമാക്കി പുറത്തുവന്ന ശേഷം കുറിപ്പുകളാക്കി ചോർത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

മൂന്ന് വിദഗ്ധർക്കും ചോദ്യപേപ്പറുകൾ കൈമാറിയിരുന്നു. ഇവരിൽ ഒരാൾ ഏകദേശം 135 ചോദ്യങ്ങൾ പേപ്പറിൽ രേഖപ്പെടുത്തി പുറത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തൽ. ശേഷിച്ച രണ്ട് പേർ ചോദ്യങ്ങൾ ഓർത്തുവെച്ച് പുറത്തുവന്ന ഉടൻ എഴുതി സൂക്ഷിക്കുകയായിരുന്നു.

ചോദ്യപേപ്പർ തയ്യാറാക്കൽ കേന്ദ്രത്തിൽ ഗുരുതരമായ രണ്ട് സുരക്ഷാ വീഴ്ചകളാണ് ഉണ്ടായതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. വിഷയ വിദഗ്ധർക്ക് സിസിടിവി നിരീക്ഷണമോ പുറത്തേക്ക് പോകുന്നതിന് മുമ്പ് ദേഹപരിശോധനയോ ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.

നീറ്റ് പരീക്ഷാ രീതിയിൽ മാറ്റങ്ങൾ പരിഗണനയിൽ

ഇതിനിടെ നീറ്റ്-യുജി പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടത്താനുള്ള സാധ്യത കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ജെഇഇ മാതൃകയിൽ വർഷത്തിൽ രണ്ട് അവസരങ്ങൾ നൽകുന്നതും നിലവിലെ ഒഎംആർ രീതിക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) നടപ്പാക്കുന്നതുമാണ് പ്രധാന നിർദേശങ്ങൾ.

ചോദ്യപേപ്പർ ചോർച്ചയും ഒഎംആർ മൂല്യനിർണയത്തിലെ ക്രമക്കേടുകളും ഒഴിവാക്കി പരീക്ഷാ സംവിധാനത്തിന്റെ സുരക്ഷ വർധിപ്പിക്കുകയാണ് ഈ നീക്കങ്ങളുടെ ലക്ഷ്യം. വിദ്യാർഥികളുടെ പരീക്ഷാ സമ്മർദം കുറയ്ക്കുന്നതിനും വർഷത്തിൽ രണ്ട് അവസരങ്ങൾ നൽകുന്നതും എൻടിഎയുടെ പരിഗണനയിലുണ്ട്.

പരീക്ഷാ സംവിധാനത്തിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല വിദഗ്ധ സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 100-ലധികം ശുപാർശകൾ ഉൾപ്പെടുത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പരീക്ഷാ രീതിയിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

You may also like