പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. മേപ്പറമ്പ് സ്വദേശിയായ 22-കാരൻ ഫാസിലാണ് സംഭവത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം പൊലീസ് പിടിയിലായത്. ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണം നടത്തിയതെന്നും കെഎസ്ആർടിസി ജീവനക്കാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നുമാണ് പ്രതി പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്.
പാലക്കാട് ജില്ലയിൽ ഏറെ ചർച്ചയായ സംഭവമായിരുന്നു കെഎസ്ആർടിസി ബസ് മോഷണം. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് വെറും 50 മീറ്റർ അകലെയുണ്ടായ സംഭവം പൊലീസിനും വലിയ വെല്ലുവിളിയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തുന്നതിൽ തുടക്കത്തിൽ പുരോഗതി ഉണ്ടായിരുന്നില്ല.
ഈ മാസം 7-നാണ് ബസ് മോഷണം നടന്നത്. സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിലേക്ക് കടന്ന ഫാസിൽ ഇന്ന് പാലക്കാട് തിരിച്ചെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് അറസ്റ്റ്.
കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയത് ബസ് ഒന്ന് ഓടിച്ചു നോക്കണമെന്ന ആഗ്രഹവുമായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. ബസ് കൈവശപ്പെടുത്തിയ ശേഷം ആദ്യം ഇടുങ്ങിയ റോഡുകളിലൂടെയാണ് വാഹനം ഓടിച്ചത്. പിന്നീട് കെഎസ്ആർടിസി ജീവനക്കാർ പിന്തുടരുന്നതായി മനസ്സിലായതോടെ നഗരപരിസരത്ത് ബസ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാൾ സമ്മതിച്ചു.
പ്രതി ലഹരിക്ക് അടിമയാണെന്നും സംഭവം നടന്ന സമയത്തും ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇരുചക്രവാഹനത്തിൽ എത്തിച്ച സുഹൃത്തിനായും അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

