Home Editorialസംശയങ്ങൾക്ക് ഇടവരുത്തരുത് സുതാര്യതയാണ് തെരഞ്ഞെടുപ്പിന്റെ ആത്മാവ്

സംശയങ്ങൾക്ക് ഇടവരുത്തരുത് സുതാര്യതയാണ് തെരഞ്ഞെടുപ്പിന്റെ ആത്മാവ്

by news_desk
0 comments

കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും വോട്ടെടുപ്പുമായി ബന്ധപ്പെട്ട സമഗ്ര കണക്കുകൾ പുറത്തുവിടുന്നതിൽ ഉണ്ടായിരിക്കുന്ന താമസം ഗുരുതരമായ സംശയങ്ങൾക്ക് വഴിവെക്കുന്നതാണ്. ജനാധിപത്യത്തിന്റെ ഏറ്റവും നിർണായക ഘട്ടമായ തിരഞ്ഞെടുപ്പിൽ, വോട്ടർമാർ രേഖപ്പെടുത്തിയ വിധിയെ സംബന്ധിച്ച കൃത്യവും പൂർണ്ണവുമായ വിവരങ്ങൾ വൈകുന്നതോ ഭാഗികമായി പുറത്തുവരുന്നതോ ഒരിക്കലും സാധാരണ കാര്യമായി കാണാൻ കഴിയില്ല. സംസ്ഥാനത്ത് 78 ശതമാനത്തിലധികം പോളിംഗ് നടന്നതായി ഭാഗിക കണക്കുകൾ സൂചിപ്പിക്കുന്നുവെങ്കിലും, ബൂത്ത് തല വിവരങ്ങൾ, സർവീസ് വോട്ടുകൾ, പോസ്റ്റൽ ബാലറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടില്ലെന്നത് വലിയ വിടവാണ്. ഈ വിവരങ്ങളാണ് യഥാർത്ഥ ജനവിധിയുടെ ആഴവും ദിശയും വ്യക്തമാക്കുന്നത്. അവ മറച്ചുവെച്ച നിലയിൽ തുടരുമ്പോൾ ജനങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും സംശയം വളരുന്നത് സ്വാഭാവികമാണ്. സാങ്കേതിക പ്രശ്നങ്ങളാണ് വൈകിപ്പിക്കുന്നതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം ഇന്നത്തെ കാലഘട്ടത്തിൽ വിശ്വസിക്കാൻ പ്രയാസമാണ്. അത്യാധുനിക സംവിധാനങ്ങളും പരിശീലനം നേടിയ ഉദ്യോഗസ്ഥ സംവിധാനവും ഉള്ളപ്പോൾ, 48 മണിക്കൂറുകൾക്കുള്ളിൽ കൃത്യമായ കണക്കുകൾ പുറത്തുവിടാൻ കഴിയാത്തത് ഭരണപരമായ വീഴ്ചയോ അല്ലെങ്കിൽ ആശയവിനിമയത്തിലെ ഗുരുതരമായ പോരായ്മയോ ആണ്. ഇത്തരം സാഹചര്യങ്ങളിൽ അനൗദ്യോഗിക കണക്കുകളും പ്രവചനങ്ങളും വ്യാപകമാകുന്നത് സ്വാഭാവികമാണ്. എന്നാൽ അത് ജനാധിപത്യ പ്രക്രിയയെ തന്നെ ദുർബലപ്പെടുത്തുന്നു. ഔദ്യോഗിക കണക്കുകളുടെ അഭാവത്തിൽ വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉയരുകയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. ജനവിധി സംബന്ധിച്ച വ്യക്തത ഇല്ലാതാകുമ്പോൾ, ജനാധിപത്യത്തിന്റെ ആത്മാവാണ് ചോദ്യം ചെയ്യപ്പെടുന്നത്.


കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ തിരഞ്ഞെടുപ്പ് വിവാദങ്ങളും ആരോപണങ്ങളും ഈ ആശങ്കയെ കൂടുതൽ ശക്തമാക്കുന്നു. വോട്ടർ പട്ടികയിലെ പിഴവുകൾ മുതൽ ഇലക്ട്രോണിക് സംവിധാനങ്ങളിലെ സംശയങ്ങൾ വരെ ഉയർന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ജാഗ്രതയോടെയും സുതാര്യതയോടെയും പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. സിസിടിവി ദൃശ്യങ്ങൾ, വി.വി.പാറ്റ് വിവരങ്ങൾ തുടങ്ങിയവ സംരക്ഷിക്കുകയും ആവശ്യപ്പെട്ടാൽ ലഭ്യമാക്കുകയും ചെയ്യേണ്ടത് ജനാധിപത്യ വിശ്വാസ്യതയുടെ അടിസ്ഥാന ഘടകങ്ങളാണ്. ‘സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം’ എന്ന പഴമൊഴിപോലെ, തെരഞ്ഞെടുപ്പ് കമ്മീഷനും സംശയാതീതമായ നിലപാടിൽ നിൽക്കണം. വിശ്വാസം നഷ്ടപ്പെട്ടാൽ തിരിച്ചു നേടുക അത്ര എളുപ്പമല്ല. അതിനാൽ തന്നെ, ഓരോ ബൂത്തിലെയും കൃത്യമായ പോളിംഗ് ശതമാനം ഉൾപ്പെടെ സമഗ്ര കണക്കുകൾ അടിയന്തരമായി പുറത്തുവിടേണ്ടത് കമ്മീഷന്റെ ബാധ്യതയാണ്.
കേരളം പോലുള്ള രാഷ്ട്രീയ ബോധമുള്ള സമൂഹത്തിൽ ഇത്തരം അനിശ്ചിതത്വങ്ങൾ ദീർഘകാലം നിലനിൽക്കുന്നത് ആരോഗ്യകരമല്ല. ജനങ്ങൾ നൽകിയ വോട്ടിന്റെ വിലയും വിശ്വാസവും കാത്തുസൂക്ഷിക്കാൻ, സുതാര്യതയും സമയബന്ധിതത്വവും ഉറപ്പാക്കേണ്ടത് നിർബന്ധമാണ്. ജനാധിപത്യത്തിന്റെ ശക്തി വോട്ടർമാരിലാണ്; അവരുടെ വിശ്വാസം നഷ്ടപ്പെടാൻ അനുവദിക്കരുത്.

You may also like