മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിന്റെയും തമിഴ്നാട്ടിന്റെയും മാത്രം വിഷയമല്ല. അത് ഇന്ത്യയിലെ ഫെഡറൽ ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്തബോധത്തെയും, ജനസുരക്ഷയോടുള്ള സർക്കാരുകളുടെ പ്രതിബദ്ധതയെയും, ശാസ്ത്രീയ സമീപനത്തെയും പരീക്ഷിക്കുന്ന വിഷയമാണ്. പതിറ്റാണ്ടുകളായി തുടരുന്ന ഈ തർക്കം ഇപ്പോഴും പരിഹാരമില്ലാതെ നീളുന്നത് ജനാധിപത്യ സംവിധാനത്തിന്റെ പരാജയമായാണ് കാണേണ്ടത്.
മാറിമാറി വരുന്ന സർക്കാരുകൾ മുല്ലപ്പെരിയാർ വിഷയത്തെ പലപ്പോഴും രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും, സ്ഥിരവും ശാശ്വതവുമായ പരിഹാരത്തിനുള്ള ആത്മാർത്ഥമായ ഇടപെടലുകൾ അപൂർവമായാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിൽ സുരക്ഷയും തമിഴ്നാട്ടിൽ ജലലഭ്യതയും എന്ന രണ്ട് യാഥാർത്ഥ്യങ്ങൾക്കിടയിൽ സമവായം കണ്ടെത്തേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനായിരുന്നു. എന്നാൽ ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ തുടർച്ചയായ വീഴ്ചകളാണ് കാണുന്നത്. ഇതിനിടെയാണ് അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്കായി നിയോഗിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയായിരുന്ന കേന്ദ്ര ജല കമ്മീഷനിലെ റിട്ട. ചീഫ് എൻജിനീയർ ടി.കെ. ശിവരാജനെ മാറ്റി, ഐ.ഐ.ടി. റൂർക്കിയിലെ ഡാംസ് എക്സലൻസ് സെന്റർ മേധാവി പ്രൊഫ. എം.എൽ. ശർമയെ ഉൾപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നത്. അതിലേറെ ആശങ്കാജനകമായത് ഈ മാറ്റത്തെക്കുറിച്ച് കേരള സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന വിവരമാണ്. ഒരു സംസ്ഥാനത്തിന്റെ സുരക്ഷാ ആശങ്കകളുമായി നേരിട്ട് ബന്ധപ്പെട്ട വിഷയത്തിൽ, ആ സംസ്ഥാനത്തിന്റെ പ്രതിനിധിയെ മാറ്റുമ്പോൾ കുറഞ്ഞത് സംസ്ഥാനത്തെ അറിയിക്കുകയെങ്കിലും വേണമായിരുന്നു. അത് ചെയ്യാതിരുന്നത് ഭരണപരമായ മര്യാദയുടെ ലംഘനം മാത്രമല്ല, അനാവശ്യ സംശയങ്ങൾക്കും ദുരൂഹതകൾക്കും വഴിവെക്കുന്ന നടപടിയുമാണ്. 2025 ഫെബ്രുവരിയിൽ സുപ്രീംകോടതി കേന്ദ്രത്തോട് വ്യക്തമായി പറഞ്ഞത്, കേരളത്തെയും തമിഴ്നാട്ടിനെയും ഒരുമിച്ച് ഇരുത്തി ഇരുകൂട്ടർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തണമെന്നാണ്. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും ആ നിർദേശത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പരിഹാരം തേടുന്നതിനുപകരം വിവാദങ്ങൾ വർധിപ്പിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്ന തോന്നൽ ശക്തമാകുകയാണ്. മുല്ലപ്പെരിയാർ വിഷയത്തെ വികാരപരമായോ രാഷ്ട്രീയപരമായോ മാത്രം സമീപിക്കുന്നത് അപകടകരമാണ്. ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. കേരളത്തിന് സുരക്ഷ വേണമെന്ന ആവശ്യം ന്യായമാണ്. അതുപോലെ തമിഴ്നാടിന് ജലലഭ്യത ഉറപ്പാക്കണമെന്ന ആവശ്യവും ന്യായമാണ്. ഈ രണ്ട് ആവശ്യങ്ങളും പരസ്പരവിരുദ്ധമല്ല. ശാസ്ത്രീയ പഠനങ്ങളും ആധുനിക സാങ്കേതികവിദ്യയും രാഷ്ട്രീയ ഇച്ഛാശക്തിയും ഒരുമിച്ചാൽ ഇരുകൂട്ടരുടെയും ആശങ്കകൾ പരിഹരിക്കാൻ കഴിയും. നൂറിലധികം വർഷം പഴക്കമുള്ള അണക്കെട്ടുകളുടെ സുരക്ഷാ പരിശോധന പത്ത് വർഷത്തിലൊരിക്കൽ നടത്തണമെന്ന ദേശീയ ജല കമ്മീഷന്റെ മാർഗനിർദേശവും നിലവിലുണ്ട്. ആ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്. അത്തരം സമിതികളിൽ കേരളത്തിന്റെ സുരക്ഷാ ആശങ്കകൾ ശക്തമായി അവതരിപ്പിക്കാൻ കഴിയുന്ന പ്രതിനിധിത്വം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. കേരളത്തെ അറിയിക്കാതെയുള്ള നിയമനങ്ങൾക്കും രഹസ്യനീക്കങ്ങൾക്കും പകരം സുതാര്യതയും വിശ്വാസവും അടിസ്ഥാനമാക്കിയുള്ള സമീപനമാണ് കേന്ദ്രം സ്വീകരിക്കേണ്ടത്. കാരണം മുല്ലപ്പെരിയാർ ഒരു രാഷ്ട്രീയ വിവാദമല്ല; അത് ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ദേശീയ വിഷയമാണ്. ഇനി വേണ്ടത് ആരോപണങ്ങളും പ്രത്യാരോപണങ്ങളും അല്ല. കേരളത്തിനും തമിഴ്നാട്ടിനും ഒരുപോലെ സ്വീകാര്യമായ, ശാസ്ത്രീയമായും നിയമപരമായും നിലനിൽക്കുന്ന സ്ഥിരം പരിഹാരമാണ്. അതിനുള്ള നേതൃത്വം കേന്ദ്രസർക്കാർ ഏറ്റെടുക്കണം. കാരണം ഓരോ മഴക്കാലവും കടന്നുപോകുമ്പോൾ ആശങ്കയും അനിശ്ചിതത്വവും മാത്രമാണ് വർധിക്കുന്നത്. ജനങ്ങളുടെ സുരക്ഷയെക്കാൾ വലുതല്ല രാഷ്ട്രീയം എന്ന തിരിച്ചറിവാണ് ഇനി എല്ലാ ഭരണകൂടങ്ങൾക്കും ഉണ്ടാകേണ്ടത്.
3

