Home Editorialവീര്യം കുറഞ്ഞ മദ്യംവീര്യം കൂടിയ ആശങ്കകൾ

വീര്യം കുറഞ്ഞ മദ്യംവീര്യം കൂടിയ ആശങ്കകൾ

by news_desk1
0 comments

പുതിയ യു.ഡി.എഫ് സർക്കാരിന്റെ പ്രഥമ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഗണ്യമായി കുറച്ച തീരുമാനം വലിയ സാമൂഹിക ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ചിരിക്കുകയാണ്. സാമ്പത്തിക നേട്ടങ്ങളും നികുതി വരുമാനവും മുൻനിർത്തി സർക്കാർ ഈ തീരുമാനം ന്യായീകരിച്ചേക്കാം. എന്നാൽ സമൂഹത്തിന്റെ ആരോഗ്യവും യുവതലമുറയുടെ ഭാവിയും കുടുംബങ്ങളുടെ സുരക്ഷിതത്വവും പരിഗണിക്കുമ്പോൾ ഈ പ്രഖ്യാപനം ഉയർത്തുന്ന ചോദ്യങ്ങൾ അതിലും ഗൗരവമുള്ളതാണ്. ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വെല്ലുവിളികളിലൊന്ന് ലഹരിയുടെ വ്യാപനമാണ്. മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. സ്കൂൾ പരിസരങ്ങളിൽ നിന്ന് കോളജ് ക്യാമ്പസുകളിലേക്കും തൊഴിലിടങ്ങളിൽ നിന്ന് കുടുംബങ്ങളിലേക്കും ലഹരിയുടെ സ്വാധീനം ഭീതിജനകമായ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബ തകർച്ചകൾ, ഗാർഹിക പീഡനങ്ങൾ, അപകടങ്ങൾ, ആത്മഹത്യകൾ, കുറ്റകൃത്യങ്ങൾ എന്നിവയുടെ പിന്നിൽ പലപ്പോഴും ലഹരി ഉപയോഗം ഒരു പ്രധാന ഘടകമായി മാറുന്നു.

ഇത്തരം ഒരു സാഹചര്യത്തിലാണ് മദ്യത്തിന്റെ നികുതി കുറയ്ക്കുന്ന തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ‘വീര്യം കുറഞ്ഞ മദ്യം’ എന്ന വിശേഷണം ഉപയോഗിച്ച് ഈ തീരുമാനത്തെ പൊതുസമൂഹത്തിന് സ്വീകാര്യമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സത്യം ഒന്നുതന്നെയാണ് -മദ്യം മദ്യം തന്നെയാണ്. ലഹരി മനുഷ്യന്റെ ചിന്തയെയും വിവേകത്തെയും സാമൂഹിക ഉത്തരവാദിത്വബോധത്തെയും ദുർബലപ്പെടുത്തുന്ന ഒരു ഘടകമാണ്. അതിന് വീര്യം കൂടുതലാണോ കുറവാണോ എന്നത് സാങ്കേതികമായ വ്യത്യാസം മാത്രമാണ്. അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ പലപ്പോഴും ഒരേപോലെയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മദ്യനയവുമായി ബന്ധപ്പെട്ട ശക്തമായ നിലപാടുകൾ എടുത്തത് കോൺഗ്രസും യു.ഡി.എഫും തന്നെയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബാറുകൾ അടച്ചുപൂട്ടുകയും മദ്യലഭ്യത കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്ത തീരുമാനങ്ങൾ ഇന്നും പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആ നയങ്ങളുടെ ലക്ഷ്യം മദ്യ ഉപയോഗം നിയന്ത്രിക്കുകയും യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു. എന്നാൽ ഒരു ദശാബ്ദത്തിന് ശേഷം വീണ്ടും അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ സ്വീകരിച്ചിരിക്കുന്ന പുതിയ സമീപനം ആ പഴയ നിലപാടുകളിൽ നിന്ന് വ്യതിചലിക്കുന്നതായാണ് കാണപ്പെടുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽ നിന്ന് ഏകദേശം പകുതിയിലേറെയായി കുറയ്ക്കുന്നതിന് പിന്നിലെ സാമ്പത്തികവും സാങ്കേതികവുമായ യുക്തി സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. നികുതി കുറയുമ്പോൾ വില കുറയും. വില കുറയുമ്പോൾ ലഭ്യത വർധിക്കും.

ലഭ്യത വർധിക്കുമ്പോൾ ഉപഭോഗവും ഉയരും എന്നതാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം. അങ്ങനെയിരിക്കെ മദ്യ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യവും നികുതി കുറയ്ക്കൽ എന്ന നടപടിയും എങ്ങനെ ഒരുമിച്ച് നിലനിൽക്കും എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ആവശ്യമാണ്. മറ്റൊരു പ്രധാന ആശങ്ക, ഈ തീരുമാനം നൽകുന്ന സാമൂഹിക സന്ദേശമാണ്. ഒരു വശത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും പൊലീസ് നേതൃത്വത്തിലുള്ള പ്രത്യേക ഓപ്പറേഷനുകളും ശക്തമായി നടക്കുമ്പോൾ, മറുവശത്ത് മദ്യത്തിന്റെ നികുതി കുറയ്ക്കുന്ന സർക്കാർ നടപടി ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനിടയാക്കും. പ്രത്യേകിച്ച് യുവാക്കളിലേക്ക് എത്തുന്ന സന്ദേശം അതീവ ഗൗരവമുള്ളതാണ്. ലഹരിക്കെതിരായ പോരാട്ടം വാക്കുകളിലൂടെ മാത്രമല്ല, നയങ്ങളിലൂടെയും പ്രതിഫലിക്കേണ്ടതുണ്ട്. മത-സാമുദായിക സംഘടനകളും സാമൂഹിക പ്രവർത്തകരും വിദ്യഭ്യാസ രംഗത്തെ വിദഗ്ധരും ഇതിനോടകം തന്നെ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രതികരണങ്ങളെ രാഷ്ട്രീയ വിമർശനങ്ങളായി മാത്രം കാണാതെ സമൂഹത്തിന്റെ മുന്നറിയിപ്പായി കാണേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.

ജനങ്ങളുടെ ആശങ്കകൾ കേൾക്കുകയും അവ ഗൗരവമായി പരിഗണിക്കുകയും ചെയ്യുക എന്നത് ജനാധിപത്യ ഭരണത്തിന്റെ അടിസ്ഥാന ഘടകമാണ്. മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞിരുന്നു: “എനിക്ക് ഒരു ദിവസം അധികാരം ലഭിച്ചാൽ ആദ്യം നിരോധിക്കുക മദ്യമായിരിക്കും.” ആ വാക്കുകളുടെ പിന്നിൽ ഒരു സാമൂഹിക ദർശനമുണ്ടായിരുന്നു. ലഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന ശക്തിയാണെന്ന തിരിച്ചറിവായിരുന്നു അത്. ഇന്ന് കേരളം നേരിടുന്ന വെല്ലുവിളികളും അതുതന്നെയാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. സർക്കാരുകൾക്ക് വരുമാനം ആവശ്യമാണ്. സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ പുതിയ വഴികളും ആവശ്യമാണ്. പക്ഷേ, വരുമാനത്തിനും സാമൂഹിക ഉത്തരവാദിത്വത്തിനും ഇടയിൽ ശരിയായ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ട്. യുവതലമുറയുടെ ഭാവി, കുടുംബങ്ങളുടെ സുരക്ഷ, സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ച എന്നിവയെക്കാൾ വലിയ സാമ്പത്തിക നേട്ടമൊന്നും ഒരു ഭരണകൂടത്തിനും ഉണ്ടാകാനാവില്ല. അതുകൊണ്ട് തന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്ന തീരുമാനത്തെ സർക്കാർ വീണ്ടും പരിശോധിക്കണം. ആവശ്യമെങ്കിൽ സാമൂഹിക സംഘടനകളുമായും ആരോഗ്യ വിദഗ്ധരുമായും ജനപ്രതിനിധികളുമായും വിശാലമായ ചർച്ച നടത്തണം. തെറ്റായ സന്ദേശം സമൂഹത്തിലേക്ക് പോകുന്നുവെന്ന് ബോധ്യപ്പെട്ടാൽ തീരുമാനം തിരുത്താനുള്ള ധൈര്യവും വിശാലമനസ്കതയും ഭരണകൂടം കാണിക്കണം. കേരളം ഇന്ന് ആവശ്യപ്പെടുന്നത് ലഹരിക്ക് കൂടുതൽ വഴിയൊരുക്കുന്ന നയങ്ങളല്ല; ലഹരിയിൽ നിന്ന് മോചനം നേടുന്ന ഭാവിയെയാണ്. ‘വീര്യം കുറഞ്ഞ മദ്യം’ എന്ന പേരിൽ അവതരിപ്പിക്കുന്ന ഒരു നയം നാടിന്റെ സാമൂഹിക ആരോഗ്യത്തിന് വീര്യം കൂടിയ ഭീഷണിയായി മാറരുത്.

You may also like