തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ആരംഭിച്ച ചർച്ചകളെ തള്ളി മുതിർന്ന നേതാക്കൾ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയിലെ സൈബർ പോരാളികളല്ലെന്നും അനാവശ്യ വിവാദങ്ങൾ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. പൊതുജനമധ്യത്തിൽ ഇത്തരം ചർച്ചകൾ വേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കർശന നിർദ്ദേശം നൽകി.
മെയ് നാലിന് ഫലം വന്ന ശേഷം ഹൈക്കമാൻഡ് പ്രതിനിധികൾ വിജയിച്ച എംഎൽഎമാരുടെ അഭിപ്രായം തേടുമെന്നും അതുവരെ കാത്തിരിക്കണമെന്നുമാണ് സണ്ണി ജോസഫിന്റെ നിലപാട്. ഫേക്ക് അക്കൗണ്ടുകളിലൂടെയും മാധ്യമങ്ങളിലൂടെയും പേരുകൾ ഉയർത്തുന്നത് പാർട്ടി രീതിയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോൺഗ്രസിന് കൃത്യമായ തീരുമാനമെടുക്കാനുള്ള സംവിധാനമുണ്ടെന്നും ജനങ്ങൾ യുഡിഎഫിന് അനുകൂലമായാണ് വിധിയെഴുതിയിരിക്കുന്നതെന്ന വിശ്വാസമുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
വിഷയത്തിൽ ആരെയും പരസ്യമായി പിന്തുണയ്ക്കേണ്ടതില്ലെന്നാണ് യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിന്റെയും തീരുമാനം. ഭൂരിപക്ഷം ലഭിച്ചാൽ തങ്ങളുടെ നിലപാട് ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കും. സൈബർ ഇടങ്ങളിലല്ല, മറിച്ച് തക്കതായ വേദിയിലാണ് അഭിപ്രായം പറയേണ്ടതെന്ന് ബെന്നി ബെഹനാനും കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കി. അനാവശ്യമായ പക്ഷം പിടിക്കലുകൾ ഒഴിവാക്കി ഫലപ്രഖ്യാപനം വരെ സംയമനം പാലിക്കണമെന്നാണ് മുന്നണി നേതൃത്വത്തിന്റെ പൊതുവായ തീരുമാനം.

