മുംബൈ: റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി വിലയിൽ വിപണിയിൽ വൻ മുന്നേറ്റം. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ റെയിൽടെൽ ഓഹരികൾ അഞ്ച് ശതമാനം ഉയർന്ന് 354 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം ഓഹരി വിലയിൽ 25 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. കമ്പനിക്ക് ലഭിച്ച നൂറു കോടി രൂപയുടെ പുതിയ കരാറാണ് ഈ കുതിപ്പിന് കരുത്തായത്.
ഖനന മേഖലയിലെ നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക ഐടി സംവിധാനം ഒരുക്കുന്നതിനുള്ള കരാറാണ് റെയിൽടെൽ സ്വന്തമാക്കിയത്. അഞ്ച് വർഷത്തേക്കാണ് കരാർ കാലാവധി. ഖനന മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കൃത്യമായി നിരീക്ഷിക്കാനും ട്രാക്കിംഗ് സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും ഈ പദ്ധതി സഹായിക്കും. വലിയ പ്രൊജക്റ്റുകൾ തുടർച്ചയായി ലഭിക്കുന്നത് റെയിൽടെല്ലിന്റെ വിപണി മൂല്യം വർധിപ്പിക്കുന്നതിനും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നതിനും കാരണമായിട്ടുണ്ട്.

