കോട്ടയം: ആഭ്യന്തര വിപണിയിൽ റബർ വില ചരിത്ര റെക്കോർഡിലെത്തി. ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന്റെ സ്പോട്ട് വില കിലോഗ്രാമിന് 269 രൂപയായി ഉയർന്നു. കിലോഗ്രാമിന് 242 രൂപയുമായി ലാറ്റക്സും ഉയർന്ന നിലയിൽ തുടരുകയാണ്.
കോട്ടയം, കൊച്ചി മാർക്കറ്റുകളിലും ആർഎസ്എസ് 4 റബറിന്റെ വില കിലോഗ്രാമിന് 268 രൂപയായി ഉയർന്നു.
2011 ഏപ്രിൽ 5ന് രേഖപ്പെടുത്തിയ കിലോഗ്രാമിന് 243 രൂപയായിരുന്നു ദീർഘകാലം ആർഎസ്എസ് 4 റബറിന്റെ ഏറ്റവും ഉയർന്ന വില. പിന്നീട് 2024 ഓഗസ്റ്റിൽ വില 247 രൂപയിലെത്തിയിരുന്നു. എന്നാൽ ആ റെക്കോർഡുകളെയെല്ലാം മറികടന്നാണ് ഇപ്പോൾ ആഭ്യന്തര വിപണിയിൽ ആർഎസ്എസ് 4 റബറിന്റെ വില 269 രൂപയിലെത്തിയത്.
അതേസമയം, ബാങ്കോക്ക് മാർക്കറ്റിൽ കഴിഞ്ഞ ദിവസം 300 രൂപ കടന്നിരുന്ന റബർ വില 7 രൂപ കുറഞ്ഞ് 292.74 രൂപയായി. ക്രൂഡോയിൽ വിലയിലെ വർധനവും ആഗോള വിപണിയിലെ സാഹചര്യങ്ങളും റബർ വില ഉയരാൻ വഴിയൊരുക്കിയെന്നാണ് വിപണി വിലയിരുത്തൽ.

