Home Top Storiesനടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ഹർജിയിൽ രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ഹർജിയിൽ രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

by news_desk1
0 comments

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. ഇതോടെ ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും.

മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചുവെന്ന ആരോപണം ഉയർന്ന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുമ്പ് ജഡ്ജിയായി പ്രവർത്തിച്ചിരുന്നു. വസ്തുതാ പരിശോധനാ റിപ്പോർട്ടിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിനെതിരെ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത പുതിയ ഹർജി സമർപ്പിച്ചത്. മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധന സംബന്ധിച്ച വിവരങ്ങൾ ആദ്യം പുറത്തുവന്നതും മാധ്യമ റിപ്പോർട്ടുകളിലൂടെയായിരുന്നു.

പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൽ മൂന്ന് തവണ നിയമവിരുദ്ധ പരിശോധന നടന്നതായി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2018 ജനുവരി 9-ന് അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് രാത്രി 9.58-ന് പരിശോധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് 2018 ഡിസംബർ 13-ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ രാത്രി 10.58-ന് മെമ്മറി കാർഡ് പരിശോധിച്ചതായും റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

മെമ്മറി കാർഡ് ഉപയോഗിച്ചത് വിചാരണ കോടതിയിലെ ശിരസ്തദാറിന്റെ വിവോ മൊബൈൽ ഫോണിലാണെന്നും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ശിരസ്തദാർ താജുദ്ദീന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങൾ കണ്ടതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം വിചാരണ കോടതിയിൽ പൂർണമായി പാലിച്ചില്ലെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു. മെമ്മറി കാർഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിർദേശമാണ് കേസുമായി ബന്ധപ്പെട്ട ചർച്ചകളിൽ വീണ്ടും ശ്രദ്ധ നേടുന്നത്.

നേരത്തെ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. ഇപ്പോൾ ജസ്റ്റിസ് കൗസർ എടപ്പഗത്തും പിന്മാറിയതോടെ ഹർജി പുതിയ ബെഞ്ചിന് മുന്നിലെത്തും.

You may also like