ന്യൂഡൽഹി: തന്റെ ‘പാറ്റ’ പരാമർശം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും, വ്യാജ ബിരുദം നേടി അഭിഭാഷകരായി പ്രവർത്തിക്കുന്നവരെയാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിശദീകരിച്ചു. രാജ്യത്തെ യുവതലമുറയോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും, അവരിൽ നിന്നാണ് താൻ ഊർജം ഉൾക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ വാതിലുകൾ യുവാക്കൾക്കായി എപ്പോഴും തുറന്നുകിടക്കുകയാണെന്നും, യുവതലമുറയെ ഒരിക്കലും കുറ്റപ്പെടുത്താനല്ല തന്റെ പരാമർശമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തന്റെ പ്രസ്താവനകൾ വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം ഒരു പ്രത്യേക അഭിമുഖത്തിലൂടെ വിശദീകരണം നൽകിയത്.
വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് അഭിഭാഷക വേഷമണിയുന്നവരെയാണ് വിമർശിച്ചതെന്നും, തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തിലാണ് വ്യക്തത വരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ യുവാക്കളുടെ പങ്കാളിത്തത്തെയും കഴിവുകളെയും സുപ്രീംകോടതി എന്നും ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ധർമ്മേന്ദ്ര പ്രധാൻ രാജി വിഷയത്തിൽ സർക്കാർ നിലപാട് കടുപ്പത്തിൽ
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെങ്കിലും മന്ത്രിയുടെ രാജി വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് സിജെപി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നിർണായക ചർച്ച നടത്തും. ധർമ്മേന്ദ്ര പ്രധാനെ മാറ്റിയാൽ കൂടുതൽ സമരങ്ങൾക്ക് വഴിയൊരുങ്ങുമെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്.
രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കുമെന്ന് സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനകം പാർലമെന്റ് മാർച്ച് വീണ്ടും ആരംഭിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ഇതിനിടെ, കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് വേണ്ടതെന്നും സമവായവും ചർച്ചയുമാണ് പരിഹാരമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ജന്തർ മന്തർ ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അധിക ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുള്ളതോടൊപ്പം 18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
