കൽപ്പറ്റ: വയനാട് കോളിയാടിയിൽ റിപ്പോർട്ട് ചെയ്ത ഷിഗെല്ല രോഗബാധ രണ്ടാംഘട്ട വ്യാപനത്തിലേക്ക് കടന്നോയെന്ന ആശങ്ക ശക്തമാകുന്നു. നേരത്തെ സ്കൂളിലെ കുട്ടികളിലും അധ്യാപകരിലുമായിരുന്നു രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ചില കുട്ടികളുടെ ബന്ധുക്കളിലും സമാന ലക്ഷണങ്ങൾ കണ്ടതോടെയാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക വർധിച്ചത്.
സ്കൂളിലെ കുട്ടികളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരിൽ രോഗലക്ഷണങ്ങൾ പ്രകടമായ 18 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം ഉടൻ ലഭിക്കുമെന്നാണ് വിവരം.
കോളിയാടി മാർ ബസേലിയോസ് സ്കൂളിലാണ് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും കുടിവെള്ള സ്രോതസുകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
സ്കൂളുകളിലെ വെള്ളത്തിന്റെ സാമ്പിളുകളും വീണ്ടും പരിശോധനയ്ക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നിലവിൽ 58 കുട്ടികളാണ് രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ മൂന്ന് കുട്ടികൾക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

