തിരുവനന്തപുരം: കോൺഗ്രസ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പ്രകീർത്തിച്ച് കെ. സുധാകരൻ എം.പി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് കരുത്തുപകരുമ്പോഴും കേരള രാഷ്ട്രീയത്തിൽ കെ.സിയുടെ സാന്നിധ്യം എത്രത്തോളം അനിവാര്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചതായി സുധാകരൻ കുറിച്ചു. കേരള രാഷ്ട്രീയത്തിലെ ‘മുടിചൂടാമന്നനായി’ ഉയരാൻ കെ.സി. വേണുഗോപാലിന് കഴിയുമെന്ന ആത്മവിശ്വാസമാണ് പ്രവർത്തകർക്കിടയിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയ മഹാനേതാക്കളുടെ പാത പിന്തുടർന്ന് സംസ്ഥാനത്തെ നയിക്കാൻ കെ.സിയുടെ ദൂരദർശിയുള്ള നേതൃത്വത്തിന് സാധിക്കുമെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. താഴെത്തട്ടിൽ നിന്ന് വളർന്നുവന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സ് അറിയാൻ കഴിയൂ. പാർട്ടിയോടുള്ള ആത്മാർത്ഥതയും പ്രതിസന്ധികളിലെ ഉറച്ച നിലപാടുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വെറുമൊരു നേതാവെന്നതിലുപരി പ്രവർത്തകരുടെ സഹയാത്രികനായി നിലകൊള്ളാൻ കെ.സിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം പ്രവർത്തകരെ ഉണർത്താനും സ്ഥാനാർത്ഥികൾക്ക് ആത്മവിശ്വാസം പകരാനും അദ്ദേഹത്തിന് സാധിച്ചു. നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ.സി. വേണുഗോപാൽ ഉയരട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് സുധാകരൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്. വോട്ടെണ്ണലിന് മുന്നോടിയായി മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ മുറുകുന്ന സാഹചര്യത്തിൽ സുധാകരന്റെ ഈ പരസ്യ പിന്തുണ നിർണ്ണായകമായി വിലയിരുത്തപ്പെടുന്നു.

