ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചകൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള ചരിത്രപരമായ അവസരമാണിതെന്നും ഇത് പാസാക്കാൻ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയ ദിശ തന്നെ മാറ്റിമറിക്കാൻ പോകുന്ന ഈ ബില്ലിനെ എതിർക്കുന്നവർക്ക് ഇവിടുത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ കാരണങ്ങളാലാണ് പലരും ബില്ലിനെ എതിർക്കുന്നതെന്നും സ്വന്തം സ്ഥാനം നഷ്ടപ്പെടുമെന്ന ഭയമാണ് ചിലരെ നയിക്കുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു.
പഞ്ചായത്തുകളിൽ സംവരണം നടപ്പിലാക്കിയവർ തന്നെ ലോക്സഭയിൽ ഇതിനെ എതിർക്കുന്നത് വിരോധാഭാസമാണ്. ഈ നീക്കത്തെ രാഷ്ട്രീയ ലാഭനഷ്ടങ്ങൾ കൊണ്ട് അളക്കരുത്. ജനാധിപത്യത്തിന്റെയും രാജ്യപുരോഗതിയുടെയും വലിയ താല്പര്യങ്ങൾ മുൻനിർത്തി എംപിമാർ ഇതിനോട് സഹകരിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. 2024-ൽ ഇത് നടപ്പിലാക്കാൻ സാങ്കേതികമായി സമയമില്ലായിരുന്നുവെങ്കിലും 2029-ൽ എങ്കിലും വനിതാ സംവരണം യാഥാർത്ഥ്യമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. അംഗങ്ങളുടെ ഉദ്ദേശശുദ്ധി രാജ്യത്തെ സ്ത്രീകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന കള്ളപ്രചാരണങ്ങൾ വിശ്വസിക്കരുത്. സഭയിൽ ഓരോ സംസ്ഥാനങ്ങൾക്കുമുള്ള ലോക്സഭാ സീറ്റുകളുടെ അനുപാതത്തിൽ മാറ്റം വരികയില്ലെന്നും ഈ തീരുമാനം ആർക്കും ദോഷകരമാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. വിഘടിത കാഴ്ചപ്പാടോടെ രാജ്യത്തെ കാണുന്നവരാണ് ആശങ്കകൾ പരത്തുന്നത്. ഒന്നിച്ച് നിന്ന് ഇതിഹാസം രചിക്കാനാണ് താൻ സഭയോട് ആവശ്യപ്പെടുന്നതെന്നും സ്ത്രീ ശാക്തീകരണത്തിന് ഈ ബിൽ അനിവാര്യമാണെന്നും പ്രധാനമന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.

