Home Keralaനിതിൻ രാജിന്റെ മരണം: ഡോ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനം

നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനം

by news_desk
0 comments

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം.കെ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മാനേജ്‌മെന്റ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. നിതിന്റെ മരണത്തിന് പിന്നാലെ നിരവധി വിദ്യാർത്ഥികൾ ഡോ. റാമിനെതിരെ ഗുരുതരമായ പീഡന പരാതികളുമായി രംഗത്തെത്തിയിരുന്നു. നിലവിൽ സസ്പെൻഷനിലുള്ള ഡോ. റാം ഒളിവിലാണ്.

റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ വിദ്യാർത്ഥികൾ ഇന്ന് വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തങ്ങളുടെ ‘വൈറ്റ് കോട്ട്’ അഴിച്ചുവെച്ച് നടത്തിയ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. “അച്ഛന്റെയും അമ്മയുടെയും വിയർപ്പാണ് ഈ കോട്ട്, ഇതിൽ ആദ്യം കണ്ണീർ പൊടിഞ്ഞു, ഇപ്പോൾ ചോരയും” എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു വിദ്യാർത്ഥികളുടെ പ്രകടനം. നിതിൻ രാജിന് നീതി ലഭിക്കണമെന്നും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി, യുവജന സംഘടനകൾ കണ്ണൂരിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾ മാർച്ചുകൾ നടത്തി. എടക്കാടുള്ള റാമിന്റെ ദന്തൽ ക്ലിനിക്കിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ ക്ലിനിക്കിന്റെ ബോർഡ് നശിപ്പിക്കുകയും പ്രതിഷേധ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് രൂപീകരിച്ചു. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും വരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

You may also like