തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരവും ഹയർസെക്കൻഡറി ഫലം മെയ് 25നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മൂല്യനിർണയ തീയതികൾ പുനഃക്രമീകരിച്ചതിനാലാണ് ഫലപ്രഖ്യാപനം നേരത്തെ നിശ്ചയിച്ചിരുന്ന മെയ് എട്ടിൽ നിന്നും മാറ്റിയത്. പുതുക്കിയ കലണ്ടർ പ്രകാരം മൂല്യനിർണയം ഏപ്രിൽ 16-ന് ആരംഭിച്ചു മെയ് രണ്ടിന് അവസാനിക്കും. ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിച്ചതിനാലാണ് മൂല്യനിർണയം മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിച്ചത്. ഒന്നാം ഘട്ടം ഏപ്രിൽ 16 മുതൽ 18 വരെയും രണ്ടാം ഘട്ടം 20 മുതൽ 25 വരെയും അവസാന ഘട്ടം ഏപ്രിൽ 27 മുതൽ മെയ് 2 വരെയുമാണ്. 72 ക്യാമ്പുകളിലായി ഇരുപതിനായിരത്തിലധികം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കും. 4.14 ലക്ഷം എസ്‌എസ്‌എൽസി വിദ്യാർത്ഥികളുടെയും 8.7 ലക്ഷം ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെയും ഉത്തരക്കടലാസുകളാണ് പരിശോധിക്കാനുള്ളത്. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ ഫലം മെയ് രണ്ടിന് പ്രസിദ്ധീകരിക്കും.
അവധിക്കാല ക്ലാസുകളുടെ കാര്യത്തിൽ കർശന നിർദ്ദേശമാണ് മന്ത്രി നൽകിയത്. കടുത്ത ചൂട് പരിഗണിച്ച് അവധിക്കാല ക്ലാസുകൾക്കായി കുട്ടികളെ നിർബന്ധിക്കുന്നതിൽ നിന്ന് സ്കൂളുകൾ പിന്തിരിയണം. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട പരാതികൾ പ്രത്യേക സമിതി പരിശോധിക്കും. സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) വഴി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള 1158 കോടി രൂപ മുടങ്ങിയത് വിദ്യാഭ്യാസ മേഖലയിലെ പല പ്രധാന പ്രവർത്തനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന് മുൻപ് തന്നെ എല്ലാ നടപടികളും പൂർത്തിയാക്കാനാണ് വകുപ്പിന്റെ തീരുമാനം.

