ചെന്നൈ: വിജയ് നായകനായ ബിഗ് ബജറ്റ് ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്ന് പേരെ ചെന്നൈ പോലീസ് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്ന സ്റ്റുഡിയോയിൽ ഫ്രീലാൻസ് എഡിറ്ററായി ജോലി ചെയ്തിരുന്ന യുവാവാണ് കേസിലെ മുഖ്യസൂത്രധാരൻ. ഇതോടെ സിനിമ ചോർന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.
മറ്റൊരു സിനിമയുടെ എഡിറ്റിംഗ് ആവശ്യങ്ങൾക്കായി സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് യുവാവ് ‘ജനനായകൻ’ സിനിമയുടെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തിയത്. തുടർന്ന് ഇതിന്റെ പകർപ്പുകൾ നിർമ്മിച്ചു പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ആറുപേരെ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ചോർച്ചയുടെ ഉറവിടം സ്റ്റുഡിയോ ആണെന്ന് വ്യക്തമായത്. സിനിമയുടെ നിർമ്മാതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പകർപ്പവകാശ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ദൃശ്യങ്ങൾ പുറത്തായത് സിനിമാ വ്യവസായത്തിന് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

