Home Keralaരാജ്യത്തെ അഭിസംബോധനയില്‍ ‘വിലകുറഞ്ഞ രാഷ്ട്രീയം’; പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനം

രാജ്യത്തെ അഭിസംബോധനയില്‍ ‘വിലകുറഞ്ഞ രാഷ്ട്രീയം’; പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനം

by news_desk
0 comments

കൊച്ചി: രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വേളയില്‍ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയായിരുന്നു വിമര്‍ശനം.വനിതാ സംവരണ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പകപോക്കാനാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിക്ക് ആവശ്യമെങ്കില്‍ പാര്‍ലമെന്റില്‍ തന്നെ പ്രതികരിക്കാമായിരുന്നുവെങ്കിലും അതിന് പകരം പ്രത്യേക അധികാരം വിനിയോഗിച്ച് തരംതാണ പരാമര്‍ശങ്ങളാണ് നടത്തിയതെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.മോദിയുടെ അഭിസംബോധന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടതാണെന്നും, പ്രത്യേകിച്ച് തമിഴ്‌നാടിനെയും പശ്ചിമ ബംഗാളിനെയും ലക്ഷ്യമിട്ടാണ് പരാമര്‍ശങ്ങളുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ ‘ഭ്രൂണഹത്യ’യുമായി താരതമ്യം ചെയ്തതിനെതിരെ ബ്രിട്ടാസ് ശക്തമായി പ്രതികരിച്ചു. മൂന്ന് വര്‍ഷം മുമ്പ് കൊണ്ടുവന്ന് പാസാക്കിയ ബില്‍ ‘ഭ്രൂണം’ ആയിരുന്നോ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.അതേസമയം, പ്രധാനമന്ത്രിയുടെ നടപടി അധികാര ദുരുപയോഗമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ കടന്നാക്രമിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.വനിതാ സംവരണ ഭേദഗതി ബില്‍ ‘ചതിക്കുഴി’യാണെന്നും, നിലവിലുള്ള 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ 33 ശതമാനം സംവരണം നടപ്പാക്കിയാല്‍ പിന്തുണ നല്‍കാമെന്ന നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

You may also like