കാസർകോട്: വീടുമുറ്റത്ത് കളിക്കുമ്പോൾ മൂർഖൻ പാമ്പ് കടിയേറ്റ് നാലര വയസുകാരി ഗുരുതരാവസ്ഥയിൽ. നീലേശ്വരത്തിന് സമീപമുള്ള എളേരിത്തട്ടിലാണ് സംഭവം.
കുറുവാട്ടെ ശരത്–അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയ്ക്കാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ പരിയാരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഐസിയുവിൽ ചികിത്സ തുടരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ, മുറ്റത്ത് കൂട്ടിവെച്ചിരുന്ന മരഉരുപ്പടികൾക്കിടയിലേക്ക് കുട്ടിയുടെ കളിപ്പാട്ടം വീണു. അത് എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മൂർഖൻ പാമ്പ് കടിയേറ്റത്.
സംഭവത്തിനുശേഷം നാട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പ്രദേശത്ത് പാമ്പുകളുടെ സാന്നിധ്യം കൂടുതലുള്ളതിനാൽ നാട്ടുകാർക്ക് ജാഗ്രത നിർദ്ദേശിച്ചിട്ടുണ്ട്.

