പാലക്കാടും കൊല്ലത്തും ഉയർന്ന താപനില തുടരുന്നു; പത്തനംതിട്ടയും ഇടുക്കിയും ഉൾപ്പെടെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ വേനൽമഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് മുതൽ വെള്ളിയാഴ്ച വരെ കേരളത്തിലെ വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഇന്ന് പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. സാധാരണ താപനിലയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർദ്ധനവ് രേഖപ്പെടുത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു.
നിലവിൽ ഇടുക്കി, വയനാട് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിൽ ഉയർന്ന താപനില കണക്കിലെടുത്ത് യെല്ലോ അലർട്ട് തുടരുകയാണ്. വരും ദിവസങ്ങളിൽ മഴ ലഭിക്കുന്നതോടെ ചൂടിന് നേരിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇടിമിന്നൽ സാധ്യതയുള്ളതിനാൽ മഴസമയത്ത് ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
