Home Top Storiesഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപന; കോഴിക്കോട് യുവാവിനെതിരെ കേസ്

ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപന; കോഴിക്കോട് യുവാവിനെതിരെ കേസ്

by news_desk1
0 comments

കോഴിക്കോട്: പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിൽ ടെലഗ്രാം ഗ്രൂപ്പുകൾ വഴി വിൽപന നടത്തിയെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. വള്ളിക്കുന്ന് സ്വദേശിയായ നിതിൻ മോഹൻദാസിനെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്.

ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്നുള്ള ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അവ മോർഫ് ചെയ്ത ശേഷം അശ്ലീല ഉള്ളടക്കത്തോടെ ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നതാണ് പരാതി. ഫോട്ടോകളുടെ വിൽപനയ്ക്കൊപ്പം എക്സ്ചേഞ്ചും നടന്നിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദനാണ് പരാതി നൽകിയിരിക്കുന്നത്. നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതായി അവർ വ്യക്തമാക്കി. യുവതിയെ നേരത്തെ പരിചയമുള്ള ആളാണ് ഇതിന് പിന്നിലെന്നും പരാതിയിൽ പറയുന്നു.

ഇതിന് പുറമെ വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികൾക്ക് ലൈംഗിക ചുവയോടെയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായും ആരോപണമുണ്ട്. ചെറുപ്പക്കാരികളുടേയും യൂണിഫോമിലുള്ള വിദ്യാർത്ഥിനികളുടേയും ചിത്രങ്ങൾ പോലും ഇത്തരം ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന് പരാതിക്കാരി വ്യക്തമാക്കി.

ആദ്യമായി തെറ്റുപറ്റിയെന്ന് സമ്മതിച്ച യുവാവ് പിന്നീട് ഫോൺ ഹാക്ക് ചെയ്തതാണെന്ന് പറഞ്ഞതായി പരാതിക്കാരി ആരോപിച്ചു. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ അറിയിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

You may also like